വീണ്ടും പരീക്ഷ നടത്തുന്പോൾ പ്രവാസി രക്ഷിതാക്കൾക്ക് ലക്ഷങ്ങളുടെ നഷ്ടം
മനാമ : സി.ബി.എസ്.ഇയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യപ്പേപ്പർ ചോർന്നതിനാൽ ആ പരീക്ഷ വീണ്ടും നടത്തുമെന്ന് സി.ബി.എസ്.ഇ പ്രഖ്യാപിക്കുന്പോൾ അത് ഏറ്റവും കൂടുതൽ ബാധ്യതയാകുന്നത് പ്രവാസലോകത്ത് പരീക്ഷ എഴുതിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ്. വീണ്ടും പരീക്ഷ നടത്തുന്ന തീയ്യതി ഇതുവരെയും അധികൃതർ പ്രഖ്യാപിച്ചിട്ടില്ല. അതോടെ പ്രവാസ ലോകത്തെ നിരവധി കുടുംബങ്ങൾ ആശങ്കയുടെ നിഴലിലായിരിക്കുകയാണ്. പരീക്ഷ കഴിഞ്ഞ് നാട്ടിലേയ്ക്ക് പോകാൻ വളരെ മുൻപ് തന്നെ വിമാനടിക്കറ്റെടുത്ത് െവച്ച നിരവധി കുടുംബങ്ങളാണ് പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എന്ത് ചെയ്യണമെന്ന ആശങ്കയിൽ പ്രവാസലോകത്ത് തന്നെ കഴിച്ചുകൂട്ടുന്നത്.
ചോദ്യപ്പേപ്പർ തയ്യാറാക്കി വീണ്ടും അത് ഇന്ത്യയിലും വിദേശത്തുമുള്ള പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുവാനും പരീക്ഷ നടത്തുന്നതിനും ചുരുങ്ങിയത് ഒരു മാസത്തെ സമയമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. അതിനിടെ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ പത്രത്തിന്റെ ഓൺ ലൈൻ എഡീഷനിൽ ഏപ്രിൽ 26ന് പരീക്ഷ നടത്തുമെന്ന വാർത്ത പ്രസിദ്ധീകരിച്ചത് പലരും വാട്സ്ആപ്പിൽ ഫോർവേഡ് ചെയ്യുകയുമുണ്ടായി. സി.ബി.എസ്.ഇയുടെ ഔദ്യോഗിക സൈറ്റിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമില്ല.
പ്രവാസലോകത്ത് നിന്നും നാട്ടിലേയ്ക്ക് വിമാനടിക്കറ്റ് കൂടുമെന്നതിനാൽ പരീക്ഷ കഴിയുന്നതിന്റെ അടുത്ത ദിവസങ്ങളിൽ മുന്പേതന്നെ വിമാനടിക്കറ്റ് എടുത്തുവച്ചിരിക്കുമായാണ് പല പ്രവാസികളും. പലരും ഓഫർ തുകയ്ക്കാണ് ഇത്തരം ടിക്കറ്റുകൾ എടുത്തിരിക്കുന്നത്. അതുകൊണ്ട്തന്നെ യാത്ര മറ്റൊരു തീയതിയിലേയ്ക്ക് മാറ്റിയാൽ വലിയ നഷ്ടമാണ് ഉണ്ടാവുക. ഇത് സാധാരണ രക്ഷിതാക്കൾക്ക് വലിയ തിരിച്ചടിയാണ്. മക്കളുടെ പത്താം ക്ലാസ് പരീക്ഷ കഴിയുന്നതോടെ ചില കുടുംബങ്ങൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകാൻ തീരുമാനിച്ചവരാണ്. അവർ താമസിക്കുന്ന ഫ്‌ളാറ്റ് ഏപ്രിൽ ഒന്ന് മുതൽക്ക് കരാർ അവസാനിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിരിക്കുകയുമാണ്. ഇങ്ങനെ തീരുമാനിച്ച നിരവധി കുടുംബങ്ങൾക്ക് താമസം തുടരാൻ ബുദ്ധിമുട്ടായിരിക്കുകയാണ്. മാത്രമല്ല വിസാകാലാവധി അവസാനിക്കുന്നതിനാൽ മറ്റൊരിടത്ത് തങ്ങാനോ നാട്ടിൽ പോയി പരീക്ഷാതീയ്യതിക്ക് തിരികെ വരാനോ കഴിയുകയുമില്ല. മനാമയിൽ ബിസിനസ് നടത്തിവരികയായിരുന്ന ഒരു മലയാളിയുടെ മകൾ പരീക്ഷ എഴുതിക്കഴിയുന്പോൾ നാട്ടിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പ് നടത്തി തന്റെ ബിസിനസ് സ്ഥാപനം മറ്റൊരാളെ ഏൽപ്പിക്കുകയും നാട്ടിലേയ്ക്ക് കുടുംബസമേതം ടിക്കറ്റ് എടുക്കുയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റ് വാടക കാലാവധി അവസാനിപ്പിച്ചതിനാൽ ഉടമയ്ക്ക് കൈമാറുകയും ചെയ്തു. മാത്രമല്ല ബിസിനസ് കൈമാറിയതിനാൽ വിസയും റദ്ദാകും. പഠനത്തിൽ മിടുക്കിയായ മകൾ ഒന്നാം ക്ലാസ് മുതൽ ബഹ്റൈനിൽ തന്നെയാണ് വിദ്യാഭ്യാസം നടത്തിയത്.പരീക്ഷ മാറ്റിവെച്ചതറിഞ്ഞതോടെ മാനസികമായി തകർന്ന അവസ്ഥയിലാണ് ഈ രക്ഷിതാവ്. പരീക്ഷ മാറ്റിവെച്ചതറിഞ്ഞ സങ്കടത്തോടൊപ്പം എങ്ങനെ അടുത്ത പരീക്ഷ എഴുതും എന്നുള്ള ചിന്ത മകളെയും അലട്ടുന്നു. അടുത്ത ബന്ധുക്കൾ ആരും ബഹ്റൈനിൽ ഇല്ലാത്തതിനാൽ മകളെ ഇവിടെ ആക്കിയിട്ട് പോകാനും നിവൃത്തിയില്ലെന്ന് ഈ രക്ഷിതാവ് പറയുന്നു. നാട്ടിൽ പ്ലസ് വണ്ണിന് ചേർത്തത്തിന് ശേഷം മറ്റെന്തെങ്കിലും ജോലി കണ്ടുപിടിക്കാൻ തീരുമാനിച്ചുറച്ചിരിക്കുന്ന ഈ പ്രവാസി ആകെ തകർന്ന അവസ്ഥയിലാണുള്ളത്. യാത്ര നീട്ടിെവച്ചാൽ വീണ്ടും വിമാനടിക്കറ്റ് എടുക്കാനുള്ള പണം പോലും തന്റെ കൈയ്യിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റെടുത്ത തീയ്യതിക്ക് നാട്ടിലേയ്ക്ക് പോയാൽ വിസ റദ്ദായാൽ മകൾക്ക് തിരിച്ചുവരാൻ കഴിയുമോ എന്നുള്ള ആശങ്കയും ഉണ്ട്.
സി.ബി.എസ്.ഇയുടെ നിരുത്തരവാദപരമായ പ്രവർത്തികൊണ്ട് വഴിയാധാരമായി വിദ്യാർത്ഥികളുടെ ദുരിതാവസ്ഥയ്‌ക്ക് പരിഹാരം കാണണമെന്ന് നിരവധി പ്രവാസി സംഘടനകൾ കേന്ദ്ര ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു. പ്രവാസി വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും പരീക്ഷാതീയതി പോലും പ്രഖ്യാപിക്കാതെ വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തിയ സി.ബി.എസ്.ഇ നടപടിയെ ഒ.ഐ.സി.സി ബഹ്‌റൈൻ അപലപിച്ചു. പ്രവാസി വിദ്യാർത്ഥികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാരിന് കത്തയച്ചതായി ഒ.ഐ.സി.സി ഗ്ലോബൽ ട്രഷറർ രാജു കല്ലുംപുറം അറിയിച്ചു. ജി.സി.സി രാജ്യങ്ങളിലെ പ്രിൻസിപ്പൽമാർ പ്രത്യേക യോഗം ചേർന്ന് പ്രവാസി വിദ്യാർത്ഥികളുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാക്കണമെന്ന് ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ആവശ്യപ്പെട്ടു.

