രാജ്യത്ത് മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഹമദ് രാജാവ്
മനാമ: മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഭരണാധികാരി എന്ന നിലയ്ക്ക് നടത്തിയ എല്ലാ ശ്രമങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ട് ഹമദ് രാജാവ് ഊന്നിപ്പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (എൻ.ഐ.എച്ച്.ആർ) കമ്മീഷണേഴ്സ് ബോർഡ് ചെയർപേഴ്സൻ മരിയ ഖൗറിന്റെയും മറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ ഇന്നലെ സഫ്രിയ കൊട്ടാരത്തിൽ വെച്ച് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങൾക്കും കൺവെൻഷനുകൾക്കും രാജ്യം പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ വാർഷിക റിപ്പോർട്ടിൽ പ്രസ്താവിച്ച പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിലെ നേട്ടങ്ങളെയും പ്രവർത്തനങ്ങളെയും ഹമദ് രാജാവ് പ്രശംസിച്ചു. മനുഷ്യാവകാശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സംഘടനകളും മറ്റ് സ്ഥാപനങ്ങളുമായും സഹകരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നതിൽ അവരുടെ നല്ല പങ്കാളിത്തത്തെ അദ്ദേഹം പ്രകീർത്തിക്കുകയും ചെയ്തു. ആധുനികവും വികസിതവുമായ ഭരണഘടനയെയും നിയമസംഹിതയെയും അടിസ്ഥാനമാക്കിയുള്ള മനുഷ്യാവകാശ രേഖകളിൽ രാജ്യത്തിന്റെ അഭിമാനത്തെ രാജാവ് എടുത്ത് പറഞ്ഞു.

