മൊബൈൽ കന്പനികളുടെ പേരിൽ ബംബർ സമ്മാന വിളി വീണ്ടും
മനാമ: ‘നിങ്ങൾ ഭാഗ്യവാനാണ്. കാരണം ഇരുപതിനായിരം ദിനാറിന്റെ ബംബർ സമ്മാനം നിങ്ങളെ തേടി വന്നിരിക്കുന്നു. ഉടനെ തന്നെ ഈ നന്പറിൽ തിരികെ വിളിച്ചാൽ ആ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തും’. ഈ സന്ദേശം വീണ്ടും ബഹ്റൈനിലെ മിക്ക മൊബൈൽ ഫോൺ ഉപഭോക്താക്കളുടെയും ഇൻബോക്സിൽ വ്യാപകമാകുന്നു. മുന്പ് എസ്.എം.എസ് ആയി വന്നിരുന്ന സന്ദേശം ഇപ്പോൾ വാട്സ്ആപ്പിലൂടെയാണ് പ്രചരിക്കുന്നത്. ടെക്സ്റ്റ് മെസേജിനോടൊപ്പം വോയ്സ് ക്ലിപ്പും ലഭിക്കുന്നുണ്ട്.
പ്രമുഖ മൊബൈൽ സേവന ദാതാക്കളായ സെയിൻ കന്പനിയുടെ പേരിലാണ് ഏറ്റവുമധികം വാട്സ്ആപ് വോയിസ് ക്ലിപ്പുകൾ പ്രചരിക്കുന്നത്. വിശ്വാസ്യതയ്ക്ക് വേണ്ടി കന്പനിയുടെ ലോഗോയും സമ്മാനം പ്രഖ്യാപിക്കുന്ന ഫോട്ടോയും ഈ സന്ദേശത്തോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. വാട്സ്ആപ് സന്ദേശം കിട്ടിയവരോട് തിരിച്ച് വിളിക്കാനാണ് സന്ദേശം അയച്ചവർ ആവശ്യപ്പെടുന്നത്. തിരിച്ചുവിളിച്ച് കഴിഞ്ഞാൽ സി.പി.ആർ നന്പർ, ബാങ്ക് അക്കൗണ്ട് വിശദ വിവരങ്ങൾ തുടങ്ങിയവയും ഇവർ ആവശ്യപ്പെടും. എൻ.ബി.ബി, അൽ ബറാക്ക, അഹ്−ലി യുണൈറ്റഡ് ബാങ്ക്, ബി.ബി.കെ, വെേസ്റ്റൺ യൂണിയൻ മണി ട്രാൻസ്ർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ലോഗോയും സന്ദേശത്തോടൊപ്പം കൊടുത്തിട്ടുള്ളതിനാൽ പലരും ഈ കെണിയിൽ വീഴുന്നുണ്ട്.
അതേസമയം ഇത്തരം സന്ദേശങ്ങൾ തങ്ങളുടെ അറിവോടെ പ്രചരിക്കുന്നതല്ലെന്നും നിലവിൽ ഇത്തരത്തിൽ യാതൊരുവിധത്തിലുള്ള സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നില്ലെന്നും കാണിച്ച് ടെലിഫോൺ കന്പനികൾ അവരുടെ ഉപഭോക്താക്കൾക്ക് സന്ദേശവും അയക്കുന്നുണ്ട്. യഥാർത്ഥ സന്ദേശവും വ്യാജ സന്ദേശങ്ങവും ഏതെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള സന്ദേശങ്ങളും വോയ്സ് ക്ലിപ്പുകളും ഉണ്ടാക്കി വിടുന്ന വലിയൊരു വ്യാജ സംഘം തന്നെ ഇത്തരത്തിൽ പ്രവർത്തിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന വാട്സ്‌ആപ് സന്ദേശങ്ങൾ. അറബിയിലും ഹിന്ദിയിലും ഉള്ള സന്ദേശങ്ങളുടെ വിശ്വാസ്യത നോക്കാതെ സാധാരണക്കാരായ തൊഴിലാളികൾ വൻ ചതിയിൽ വീണുപോകുന്നുണ്ട്. ബാങ്ക് അക്കൗണ്ട് ബാലൻസിലെ കുറവ് കാണുന്പോഴാണ് പലർക്കും ഇത്തരം ചതിവിൽ പെട്ടതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാകുന്നത്.
മൊബൈൽ നന്പറുകൾ കേന്ദ്രീകരിച്ച് ബാങ്ക് അക്കൗണ്ടുകളും വിവരങ്ങളും ചോർത്തുന്ന അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങൾ പലയിടത്തും പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് ബാങ്ക് എ.ടി.എമുകളുടെയും അക്കൗണ്ടുകളുടെയും വിവരങ്ങൾ ആരെങ്കിലും ചോദിക്കുകയോ എസ്.എം.എസ് സന്ദേശത്തിലൂടെ ആവശ്യപ്പെടുകയോ ചെയ്താൽ അതിന്റെ വിശ്വാസ്യത അറിയാതെ ഒരിക്കലും വിവരങ്ങൾ പുറത്തുവിടരുതെന്ന് അഭ്യന്തര മന്ത്രാലയവും അറിയിപ്പ് നൽകിയിട്ടുണ്ട്.

