ബാലഭാരതി ഗോകുലോത്സവം സമാപിച്ചു
മനാമ: ബഹ്‌റൈൻ ബാലഭാരതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസമായി നടന്നു വന്ന ഗോകുലോത്സവം 2018 സമാപിച്ചു. ഇന്ത്യൻ സ്‌കൂൾ റിഫ ക്യാന്പസിൽ വെച്ചായിരുന്നു ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചത്. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരഇനങ്ങളിലായി മുന്നൂറോളം കുട്ടികൾ മത്സരിച്ചു. മലയാളം പ്രസംഗം, മോണോ ആക്ട്, പദ്യപാരായണം, പ്രശ്‍നോത്തരി, കഥ പറയൽ എന്നിവയിൽ ഒന്നാം സ്ഥാനവും, വന്ദേമാതരം ആലാപനം, ഭഗവത് ഗീതപരായണം എന്നിവയിൽ രണ്ടാം സ്ഥാനവും നേടി ഇന്ത്യൻ സ്‌കൂൾ അഞ്ചാം തരം വിദ്യാർത്ഥിനി കുമാരി ദേവഗംഗ ശിവപ്രസാദ്, ഗോകുല പ്രതിഭ അവാർഡ് നേടി.ബാലഭാരതി ബഹ്‌റൈൻ കോ-ഓർഡിനേറ്റർ ആർ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുരളി വാര്യർ, മധുകോട്ട എന്നിവർ സംബന്ധിച്ചു. അവാർഡ് ദാനത്തിന് ശേഷം ബാലഭാരതിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഭരതനാട്യം, ലഘു നാടകം എന്നിവയും അരങ്ങേറി.

