60,000 വ്യാജ യു.എസ് ഡോളറുമായി രണ്ട് ആഫ്രിക്കൻ പൗരന്മാർ ബഹ്‌റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്ത് വ്യാജ കറൻസികൾ വിതരണം ചെയ്യാൻ ശ്രമിച്ച രണ്ട് ആഫ്രിക്കൻ പൗരന്മാരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ കീഴിലുള്ള ആന്റി ഇക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റാണ് പ്രതികളെ വലയിലാക്കിയത്.
വ്യാജ കറൻസി ഇടപാടിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസും അന്വേഷണ സംഘവും നടത്തിയ ഊർജിതമായ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. 100 യു.എസ് ഡോളറിന്റെ വ്യാജ നോട്ടുകൾ അടങ്ങിയ ബാഗ് ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. ആകെ 60,000 അമേരിക്കൻ ഡോളറാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത വ്യാജ നോട്ടുകളും തെളിവുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സാമ്പത്തിക കുറ്റകൃത്യങ്ങൾ, വ്യാജ രേഖകളും കറൻസികളും നിർമിക്കൽ, തട്ടിപ്പുകൾ എന്നിവയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ഭദ്രതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ അന്വേഷണങ്ങൾ ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
aa

