ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ 'ഓണം ഫിയെസ്റ്റ - ആവണി 2026' ഇന്ന് മുതൽ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ പ്രമുഖ സാംസ്‌കാരിക മാമാങ്കമായ "ഓണം ഫിയെസ്റ്റ - ആവണി 2026" ഇന്ന് മുതൽ ഒക്‌ടോബർ 9 വരെ ക്ലബ്ബ് അങ്കണത്തിൽ നടക്കുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഓണം ഫിയെസ്റ്റയിൽ കായിക മത്സരങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വിനോദ പരിപാടികൾ എന്നിവയുണ്ടാകും. ഇന്ന് വൈകുന്നേരം 7 മണിക്ക് ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും തുടർന്ന് സിനിമാറ്റിക് ഡാൻസ് മത്സരവും നടക്കും. നാളെ വൈകുന്നേരം 6 മണിക്ക് പായസ മത്സരവും 7:30 മുതൽ വടംവലി മത്സരവും അരങ്ങേറും.
ഒക്‌ടോബർ 1 വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതൽ ഓണപ്പുടവ മത്സരവും (പരമ്പരാഗത വസ്ത്രധാരണം), തുടർന്ന് ഓണപ്പാട്ട് മത്സരവും റിതു മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്നും ഉണ്ടായിരിക്കും. ഒക്‌ടോബർ 2 വെള്ളിയാഴ്ച രാത്രി 8 മണി മുതൽ നൂറിലധികം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര നടക്കും. തുടർന്ന് പ്രശസ്ത സിനിമാ-സംഗീത താരങ്ങളായ 'പാട്ട് ഫാമിലി', ഷഹീർ മൊയ്തു പൂളക്കത്ത് എന്നിവർ നയിക്കുന്ന മെഗാ മ്യൂസിക്കൽ ഷോയും അരങ്ങേറും.
ഒക്‌ടോബർ 9ന് വെള്ളിയാഴ്ച വിഭവസമൃദ്ധമായ മെഗാ ഓണസദ്യ വിളമ്പും. പ്രശസ്ത സദ്യ വിദഗ്ദ്ധൻ ജയൻ സുകുമാര പിള്ളയുടെ നേതൃത്വത്തിൽ ക്ലബ്ബ് അങ്കണത്തിൽ തയ്യാറാക്കുന്ന 29 കൂട്ടം വിഭവങ്ങളടങ്ങിയ ഓണസദ്യയിൽ 3,500-ഓളം പേർ പങ്കാളികളാകും.
ഓണാഘോഷങ്ങളിലേക്ക് ബഹ്‌റൈനിലെ എല്ലാ അംഗങ്ങളെയും പൊതുജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ജോയ് (39802800), ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ (39623936), എന്റർടൈൻമെന്റ് സെക്രട്ടറി എസ്. നന്ദകുമാർ (36433552), അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി വിനു ബാബു (33151761), ഈവന്റ് ചീഫ് കോർഡിനേറ്റർമാരായ സന്തോഷ് ബാബു (33308426), പ്രവീൺ നായർ (36462046) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
#IndianClubBahrain #OnamFiesta2026 #Aavani2026 #BahrainEvents #Onasadhya #BahrainMalayali
adsasasads

