ഇറാനിയൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകൾ സന്ദർശിച്ച് ബഹ്റൈൻ പ്രധാനമന്ത്രി; സിത്രയിലും ഹിദ്ദിലും നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി
പ്രദീപ് പുറവങ്കര
മനാമ: ഇറാനിയൻ ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ച സിത്ര, ഹിദ്ദ് മേഖലകളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകിയ രാജകീയ നിർദേശങ്ങളുടെ തുടർനടപടികൾ വിലയിരുത്തുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം.
ആക്രമണത്തിൽ തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ പ്രിൻസ് സൽമാൻ നേരിട്ട് വിലയിരുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ ഉന്നത നിലവാരത്തിലും സമയബന്ധിതമായും പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആക്രമണത്തിന് ഇരയായ പൗരന്മാർക്ക് അടിയന്തര നഷ്ടപരിഹാരം നൽകാനും കിരീടാവകാശി ഉത്തരവിട്ടു. പൗരന്മാരുടെ ക്ഷേമവും സുരക്ഷയുമാണ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. അടിയന്തര സഹായങ്ങൾ ലഭ്യമാക്കാനും പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും എല്ലാ സർക്കാർ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
aa

