നാടകം എല്ലാവരിലും ഉള്ള കല: മുരളീമേനോൻ
മനാമ: എഴുപതുകളിൽ ഗ്രാമീണ ക്ലബ്ബുകളിലൂടെയും മറ്റും വളർന്ന് വന്ന മലയാള നാടകത്തിന്റെ സജീവമായ കാലഘട്ടം ഇന്ന് പ്രവാസ മണ്ണിൽ പുനർജനിക്കുന്നതിൽ വളരെ സന്തോഷം ഉണ്ടെന്നും നാടകം എല്ലാവരിലുമുള്ള ഒരു കലയാണെന്നും പ്രശസ്ത നാടക പ്രവർത്തകൻ മുരളീ മേനോൻ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ പ്രതിഭയുടെ 2017- −19 പ്രവർത്തന കാലയളവിലെ വിവിധ സബ്‌കമ്മിറ്റികളായ പ്രതിഭ സാഹിത്യ വേദി, പ്രസംഗ വേദി, സ്വരലയ, ഫിലിം ക്ലബ്, ഐ ടി, നാടക വേദി, കായികവേദി തുടങ്ങിയവയുടെ പ്രവർത്തന ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്‌റൈൻ കലാ നാടക പ്രസ്ഥാനങ്ങളുടെ അടിവേരുകൾ കുടികൊള്ളുന്നത് പ്രതിഭ പോലെയുള്ള ജനകീയ പ്രസ്ഥാനങ്ങളിലാണെന്നും അവയുടെ ബഹിർസ്പുരണമാണ് ബഹ്‌റൈൻ പ്രവാസി നാടക കലയുടെ കരുത്തെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടി കാട്ടി.
എല്ലാവരിലും കഥയും ഓരോ സംവിധായകരും ഉണ്ട്. അതിനാൽ പ്രഗത്ഭ എഴുത്തുകൾക്ക് വേണ്ടി കാത്തു നിൽക്കേണ്ട കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തിന്റെ അടിയൊഴുക്കുകൾ മറ്റെല്ലാ മേഖലയിലും എന്ന പോലെ പ്രവാസി കലാ സാഹിത്യ രംഗങ്ങളിലും പ്രകടമാകുന്നുണ്ട്. ലക്ഷണങ്ങൾ നൽകുന്ന മുന്നറിയിപ്പ് ഉണർന്നിരിക്കുക എന്നതാണെന്നും മുരളീ മേനോൻ പ്രസ്താവിച്ചു.
പ്രതിഭ പ്രസിഡണ്ട് മഹേഷ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സെക്രട്ടറി ഷെരിഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. പി. ശ്രീജിത്ത്, പി.ടി നാരായണൻ എന്നിവർ ആശംസകൾ നേർന്നു. സബ് കമ്മിറ്റി കൺവീനർമാരായ അനഘ രാജീവൻ, ഷീബ രാജീവ്, വിനോദ് സി. ദേവൻ, നജീബ്, ബിനു സൽമാബാദ്, ഡോക്ടർ കൃഷ്ണകുമാർ, മൊയ്‌ദ്ദീൻ പൊന്നാനി എന്നിവർ സംസാരിച്ചു.

