ബഹ്റൈൻ കേരളീയ സമാജം പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ പുരസ്‌ക്കാരങ്ങൾ പ്രഖാപിച്ചു. സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ പ്രഭാവർമ്മയും, പ്രഥമ ലാറി ബേക്കർ പുരസ്ക്കാരത്തിന് പ്രശസ്ത ആർക്കിടെക്റ്റ് പദ്മശ്രീ ജി. ശങ്കറും അർഹനായി. പ്രശസ്ത എഴുത്തുകാരനും ചെറുകഥാകൃത്തുമായ ടി. പത്മനാഭൻ പദ്മശ്രീ ജി. ശങ്കറിന് പുരസ്കാരം സമ്മാനിക്കും. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 22ന് ബഹ്‌റൈൻ കേരളീയ സമാജം ആസ്ഥാനത്ത് െവച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌ക്കാരജേതാക്കൾക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എം. മുകുന്ദൻ ചെയർമാനായി, ഡോ. കെ.എസ് രവികുമാർ, പി.വി രാധാകൃഷ്ണപിള്ള തുടങ്ങിയവർ അടങ്ങിയ ജൂറിയാണ് പ്രഭാവർമ്മയെ തിരഞ്ഞെടുത്തത്. ടി.എൻ സീമ, അയ്യപ്പൻ ഡോ. അനിൽ എന്നിവരാണ് ലാറി ബേക്കർ പുരസ്കാര സമിതിയിൽ ഉണ്ടായിരുന്നത്.
പ്രസ്തുത ചടങ്ങിൽ ടി. പത്മനാഭന്റെ കഥകളെ അതികരിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക്ക് ഷോയും ഉണ്ടായിരിക്കുമെന്ന് ബി.കെ.എസ് പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള പത്ര സമ്മേളനത്തിൽ പറഞ്ഞു. സമാജം മുൻസാഹിത്യ വിഭാഗം സെക്രട്ടറി പി.സി വിനോദ്, ഹരികൃഷ്ണൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

