'ഫോക്കസ് - 6.0' പ്രൊഫഷണൽസ് മീറ്റ് ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ മലയാളികളായ പ്രൊഫഷണലുകളെയും അവരുടെ കുടുംബങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് വിസ്ഡം ബഹ്‌റൈൻ ചാപ്റ്റർ യൂത്ത് വിഭാഗം സംഘടിപ്പിച്ച "ഫോക്കസ് - 6.0" (Focus 6.0) പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.
മിൻഹാൻ അബ്ദുൽ മജീദിന്റെ ഖുർആൻ പാരായണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ വ്യക്തിത്വങ്ങൾ വിഷയാവതരണം നടത്തി. പ്രശസ്ത മോട്ടിവേറ്ററും എക്‌സ് & വൈ (X & Y) ലേണിംഗ് സെന്റർ സി.ഇ.ഒയുമായ മുഹമ്മദ് അജ്മൽ സി, സൗദി മദീന യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർത്ഥിയും ഹികമി ബിരുദധാരിയുമായ മുഹമ്മദ് അജ്മൽ ഫൗസാൻ എന്നിവർ നയിച്ച വിജ്ഞാനപ്രദമായ സെഷനുകൾ പരിപാടിക്ക് മാറ്റ് കൂട്ടി.
ലൗകിക വിജയങ്ങൾക്കായി വിവിധ പ്രൊഫഷനുകളിൽ മുഴുകുമ്പോൾ ജീവിതത്തിന്റെ ആത്മീയ വശങ്ങളെ മറന്നുപോകരുതെന്നും, ആത്മീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രഭാഷകർ സദസ്സിനെ ബോധ്യപ്പെടുത്തി. ചടങ്ങിൽ സുഹാദ് ബിൻ സുബൈർ സ്വാഗതവും സഹീൻ നിബ്രാസ് നന്ദിയും രേഖപ്പെടുത്തി.
dfsdsdfsaadfs
dadfadfad

