സർക്കാർ സബ്സിഡി പ്രോഗ്രാമുകളെക്കുറിച്ച് പഠിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി
മനാമ : പാവപ്പെട്ടവർക്കും ഇടത്തര വരുമാനക്കാർക്കും തുടർന്നും സർക്കാർ സഹായങ്ങൾ ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ സബ്സിഡി പ്രോഗ്രാമുകളെക്കുറിച്ച് ഒരു പഠനം നടത്താൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും യോഗത്തിൽ സന്നിഹിതനായിരുന്നു.
2017ൽ പാവപ്പെട്ടവർക്കും ഇടത്തര വരുമാനക്കാർക്കും ജീവിതനിലവാരം മെച്ചപ്പെടുത്താനായി സോഷ്യൽ ഇൻഷ്വറൻസ്, ജീവിത ചിലവ് അലവൻസ്, ഭവനവായ്പ അലവൻസ് തുടങ്ങിയ വിവിധ പദ്ധതികളിലൂടെ 382.5 മില്ല്യൻ ബഹ്റൈൻ ദിനാർ (1.1 ബില്യൺ ഡോളർ) ആണ് സർക്കാർ സബ്സിഡി ഇനത്തിൽ നൽകിയത്. സനാബിസ് ഗ്രാമീണരുടെ ഉന്നമനത്തിനായുള്ള തന്റെ നിർദേശങ്ങൾ ഏറെ ഫലപ്രദമായിരുന്നു എന്ന് പ്രധാനമന്ത്രി അറിയിച്ചു.
നോർത്തേൺ സിറ്റിയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പാർപ്പിട വകുപ്പ് മന്ത്രിക്കും മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിങ് വകുപ്പിനും പ്രധാനമന്ത്രി നിർദ്ദേശം നൽകി. മാലികിയ ഗ്രാമീണരുടെ ആവശ്യങ്ങൾ നിറവേറ്റാനും പ്രദേശത്ത് ശുചിത്വം ഉറപ്പുവരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും പൗരന്മാർക്ക് നൽകുന്ന മരുന്നുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ ആരോഗ്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നിർദ്ദേശം നൽകി. കാത്തിരിപ്പ് ഒഴിവാക്കാനായി സർക്കാർ ആശുപത്രികളിൽ ഡയഗ്നോസ്റ്റിക് ഉപകരണങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

