എബോള ആശങ്ക; കെനിയയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തണമെന്ന് ബഹ്റൈൻ എം.പി
പ്രദീപ് പുറവങ്കര
മനാമ: കെനിയയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, അവിടെ നിന്നുള്ള യാത്രക്കാർക്ക് ബഹ്‌റൈനിൽ താൽക്കാലിക വിലക്കേർപ്പെടുത്തണമെന്നും പുതിയ വിസകൾ നൽകുന്നത് നിർത്തലാക്കണമെന്നും എം.പി ബദർ അൽ തമീമി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കെനിയയിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് ബഹ്‌റൈനിലും സമാനമായ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത് വരെ കാത്തിരിക്കാതെ മുൻകരുതൽ നടപടികൾ ഉടനടി സ്വീകരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം മറ്റെന്തിനേക്കാളും പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒക്ടോബർ 26 വരെയുള്ള കണക്കുകൾ പ്രകാരം കെനിയയിൽ ഒമ്പത് കേസുകളും രണ്ട് മരണങ്ങളും എബോള മൂലം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കെനിയൻ സ്വദേശികളിൽ ഭൂരിഭാഗവും ഗാർഹിക തൊഴിലാളികളും സെക്യൂരിറ്റി ഗാർഡുകളുമാണ്. ഇവർ കുടുംബങ്ങളുമായും പൊതുജനങ്ങളുമായും ദിവസേന സമ്പർക്കത്തിൽ വരുന്നവരായതിനാൽ രോഗവ്യാപന സാധ്യത കൂടുതലാണെന്നും അടിയന്തര നടപടികൾ അത്യന്താപേക്ഷിതമാണെന്നും അൽ തമീമി വ്യക്തമാക്കി.
കെനിയയിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ വിസ നിഷേധിക്കുകയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ സ്വന്തം പൗരന്മാർ കെനിയയിലേക്ക് യാത്ര ചെയ്യുന്നതും സൗദി വിലക്കി. എബോള ബാധിത പ്രദേശങ്ങളിൽ കഴിഞ്ഞ 21 ദിവസത്തിനിടെ സന്ദർശനം നടത്തിയവർക്കും ഈ വിലക്ക് ബാധകമാണ്.
ഇതേ മാതൃകയിൽ കെനിയയിൽ നിന്നുള്ള എല്ലാത്തരം എൻട്രി വിസകളും ആരോഗ്യാവസ്ഥ മെച്ചപ്പെടുന്നത് വരെ നിർത്തിവെക്കാൻ ബഹ്‌റൈൻ തയ്യാറാകണമെന്ന് എം.പി ആവശ്യപ്പെട്ടു. പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
fggfgfgf

