രാജ്യാന്തര നിയമങ്ങൾ പാലിക്കപ്പെടണം: മനാമ ഡയലോഗിൽ അഞ്ച് സുരക്ഷാ തത്ത്വങ്ങൾ മുന്നോട്ടുവെച്ച് ജി.സി.സി
പ്രദീപ് പുറവങ്കര
മനാമ: മേഖലയിലെ സുരക്ഷ എല്ലാവരും പരസ്പരം ബഹുമാനിക്കുന്ന വ്യക്തമായ നിയമങ്ങളിലാണ് അധിഷ്ഠിതമാകേണ്ടതെന്ന് ജി.സി.സി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബദൈവി വ്യക്തമാക്കി. ഐ.ഐ.എസ്.എസ് (IISS) മനാമ ഡയലോഗിൽ സംസാരിക്കവേ, ഈ വർഷത്തെ ഗൾഫ് മേഖലയുടെ അനുഭവങ്ങളിൽ നിന്ന് രൂപപ്പെടുത്തിയ അഞ്ച് പ്രധാന അടിത്തറകൾ അദ്ദേഹം തറപ്പിച്ചുപറഞ്ഞു. മേഖലയിലുണ്ടാകുന്ന അസ്ഥിരത അന്താരാഷ്ട്ര തലത്തിൽ ഊർജ്ജ വിലയെയും ചരക്കുകപ്പൽ ഗതാഗതത്തെയും ഇൻഷുറൻസ് രംഗത്തെയും വിതരണ ശൃംഖലകളെയും വേഗത്തിൽ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈ മുതൽ സൗദി അറേബ്യയ്ക്ക് നേരെ ഹൂത്തി മിലിഷ്യകൾ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്നും, ഇത് വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും വരെ എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക സുരക്ഷയ്ക്കുള്ള ആദ്യ അടിത്തറയായി അന്താരാഷ്ട്ര നിയമവും രാജ്യങ്ങളുടെ പരമാധികാരവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അയൽപക്ക ബന്ധം കാത്തുസൂക്ഷിക്കുകയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്തുകൊണ്ട് തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം. മാർച്ച് 11-ന് യു.എൻ രക്ഷാസമിതി അംഗീകരിച്ച 2817-ാം നമ്പർ പ്രമേയത്തെ പരാമർശിച്ച അദ്ദേഹം, ജി.സി.സി രാജ്യങ്ങൾക്കും ജോർദാനും വേണ്ടി ബഹ്റൈൻ സമർപ്പിച്ച ഈ പ്രമേയത്തിന് 136 രാജ്യങ്ങളുടെ ചരിത്രപരമായ പിന്തുണ ലഭിച്ചതായും ഇത് നടപ്പിലാക്കാൻ പങ്കാളിത്ത രാജ്യങ്ങളോട് ജി.സി.സി ആവശ്യപ്പെടുന്നതായും പറഞ്ഞു.
രണ്ടാമതായി, ജി.സി.സി രാജ്യങ്ങളുടെ സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ കൂട്ടായ പ്രതിരോധം ആവശ്യമാണ്. സായുധ സേന ആക്രമണങ്ങളെ കാര്യക്ഷമമായി നേരിട്ടുവെന്നും, സൈനിക സംയോജനം ശക്തമാക്കാനും ബാലസ്റ്റിക് മിസൈൽ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനം ഉടൻ പൂർത്തിയാക്കാനും ഏപ്രിലിൽ നടന്ന കൺസൾട്ടേറ്റീവ് യോഗത്തിൽ നേതാക്കൾ നിർദ്ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. മൂന്നാമതായി, നയതന്ത്രത്തെ ഒരു തന്ത്രപ്രധാന ആസ്തിയായി കണ്ട് ഇറാൻ ഉൾപ്പെടെയുള്ള എല്ലാ കക്ഷികളുമായും ചർച്ചകൾക്ക് ജി.സി.സി തയ്യാറാണെന്നും, എന്നാൽ നയതന്ത്രത്തിന് പോസിറ്റീവായി പ്രതികരിക്കുന്ന പങ്കാളികൾ ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നാലാമത്തെ അടിത്തറയായി സമുദ്ര, ഊർജ്ജ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെയും ബാബ് അൽ മന്ദെബിലൂടെയുമുള്ള കപ്പൽ ഗതാഗതം ഫെബ്രുവരി 28-ന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കണമെന്നും ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടൊപ്പം എണ്ണ-വാതക പൈപ്പ്ലൈനുകൾ, സട്രേറ്റജിക് റിസർവ് സോൺ, ഗൾഫ് റെയിൽവേ ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങൾ എന്നിവയിൽ ജി.സി.സി നേതാക്കളുടെ നിർദ്ദേശപ്രകാരം പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
അവസാനമായി, വികസനത്തിലൂടെയും പങ്കാളിത്തത്തിലൂടെയും സുസ്ഥിരത ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. യെമനിലെ ഔദ്യോഗിക സർക്കാരിനും ഇറാഖ്, സിറിയ, ലബനൻ എന്നീ രാജ്യങ്ങൾക്കും പാലസ്തീൻ വിഷയത്തിൽ 'ദ്വിരാഷ്ട്ര പരിഹാരത്തിനും' ജി.സി.സി നൽകുന്ന പിന്തുണ അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ സൈബർ, ജലം, ഭക്ഷണം, കാലാവസ്ഥാ സുരക്ഷ എന്നിവയും ഇപ്പോൾ പ്രാദേശിക സുരക്ഷാ കാഴ്ചപ്പാടിന്റെ ഭാഗമാണ്. സുരക്ഷിതമായ ഒരു ഭാവി കൈവരിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാൻ 2024-ൽ ജി.സി.സി മുന്നോട്ടുവെച്ച ക്ഷണം, പ്രവൃത്തിയിലൂടെ പ്രതികരിക്കുന്നവർക്കായി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ോ്േ്േ്ിേ്േ

