ഡബ്ല്യൂ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി 15 വയസുകാരി ഉമ കാഷ്വി; ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി
ശാരിക
കൊച്ചി: ഐ.പി.എൽ സെൻസേഷനായ വൈഭവ് സൂര്യവംശിക്ക് പിന്നാലെ വനിതാ പ്രീമിയർ ലീഗിലും (ഡബ്ല്യൂ.പി.എൽ) ചരിത്രം കുറിച്ച് കൗമാര താരം. കർണാടകയിൽ നിന്നുള്ള 15 വയസുകാരി ഉമ കാഷ്വിയാണ് ഡബ്ല്യൂ.പി.എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറുന്നത്. കൊച്ചിയിൽ നടന്ന ലേലത്തിൽ 10 ലക്ഷം രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് ഈ ഓൾറൗണ്ടറെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം 16-ാം വയസിൽ ഡൽഹി തന്നെ ടീമിലെത്തിച്ച ദിയ യാദവിന്റെ റെക്കോർഡാണ് 15 വയസും 202 ദിവസവും പ്രായമുള്ള കാഷ്വി മറികടന്നത്.
വലംകൈയൻ ഓഫ് സ്പിന്നറും മധ്യനിര ബാറ്ററുമായ കാഷ്വി കർണാടക ജൂനിയർ ടീമുകളിലൂടെ വളർന്ന് ഇന്ത്യൻ അണ്ടർ-19 ടീമിലും ഇടംപിടിച്ചിട്ടുണ്ട്. ഈ വർഷം ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയിൽ ട്വന്റി20-യിൽ മൂന്നും ഏകദിനത്തിൽ രണ്ടും വിക്കറ്റുകൾ താരം നേടിയിരുന്നു. ഏഴാം വയസിൽ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ കാഷ്വി 12-ാം വയസിൽ ബെംഗളൂരുവിലെ ഇന്റർ-സ്കൂൾ ടൂർണമെന്റിൽ പുറത്താകാതെ 217 റൺസെടുത്ത് ശ്രദ്ധ നേടി. കർണാടക അണ്ടർ-15 ടീമിന്റെയും ബെംഗളൂരു ബ്ലാസ്റ്റേഴ്സിന്റെയും ക്യാപ്റ്റനായിരുന്ന താരം, 2025-26 വനിതാ അണ്ടർ-15 ഏകദിന ട്രോഫിയിൽ 172 ശരാശരിയിൽ 3 സെഞ്ചുറികൾ അടക്കം 516 റൺസ് അടിച്ച് ടോപ് സ്കോററായിരുന്നു. അണ്ടർ-19 ട്വന്റി20 ലീഗിലെ പ്ലെയർ ഓഫ് ദി മാച്ച് പ്രകടനവും കൂടിയായതോടെയാണ് ഇന്ത്യൻ ടീമിലേക്കും തുടർന്ന് ഡബ്ല്യൂ.പി.എല്ലിലേക്കും വഴിതുറന്നത്. വൈഭവ് സൂര്യവംശിയെപ്പോലെ ഈ കർണാടക സ്വദേശിയും ഡബ്ല്യൂ.പി.എല്ലിൽ തരംഗമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
േ്ിേ്ി

