ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം പ്രമുഖ എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്


ഷീബ വിജയൻ

തിരുവനന്തപുരം: കേരളത്തിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സക്കറിയ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. എഴുത്തുകാരായ ഗ്രേസി, കെ.ജി.എസ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

1944 ജൂലൈ 24-ന് പാലക്കാട് ജില്ലയിലെ പുതിയങ്കത്ത് ജനിച്ച മേതിൽ രാധാകൃഷ്ണൻ മലയാള സാഹിത്യത്തിലെ വേറിട്ട ശബ്ദമാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ഇൻസെക്ട് എത്തോളജിയിൽ ഗവേഷണം നടത്തി. കുവൈത്തിൽ കപ്പൽ കമ്പനിയിൽ ജോലി ചെയ്ത ശേഷം ഫ്രീലാൻസ് പത്രപ്രവർത്തകനായും ക്വിസ് മാസ്റ്ററായും വെബ് ഡെവലപ്പറായും പ്രവർത്തിച്ചു. മാധ്യമം ആഴ്ചപ്പതിപ്പിൽ 'മൂന്നുവര' എന്ന കോളം എഴുതുന്നു. ഭാഷയുടെ സാധ്യതകൾ കൊണ്ട് മലയാളത്തെ നിരന്തരം വിസ്മയിപ്പിച്ച സാഹിത്യകാരനാണ് മേതിൽ. അദ്ദേഹത്തിന്‍റെ എഴുത്ത് മലയാളത്തിൽ നിന്ന് തന്നെ വേറിട്ട് നിൽക്കുന്നു. ശാസ്ത്രത്തെയും കമ്പ്യൂട്ടറിനെയും കുറിച്ചുള്ള അറിവ് കഥകളിലേക്ക് കൊണ്ടുവരുന്ന അദ്ദേഹത്തിന്റെ ശൈലി ചെറിയ വാചകങ്ങളും കൃത്യമായ നിരീക്ഷണങ്ങളുമാണ്. പരമ്പരാഗത കഥപറച്ചിലിൽ നിന്ന് മാറി പുതിയ രീതികൾ പരീക്ഷിക്കുന്ന അദ്ദേഹത്തിന്‍റെ രചനകളെ മറ്റ് രചനകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

1970-ൽ 'സൂര്യവംശം' എന്ന ആദ്യ നോവലിലൂടെയാണ് മേതിൽ സാഹിത്യ രംഗത്ത് ശ്രദ്ധേയനായത്. പിന്നീട് 'ബ്രാ' (1974), 'ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി' (1974), 'ഹിച്ച്‌കോക്കിന്റെ ഇടപെടൽ' (1994), 'ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം' (1995) എന്നീ നോവലുകൾ എഴുതി. 'പെൻഗ്വിൻ' (1973), 'ഭൂമിയെയും മരണത്തെയും കുറിച്ച്' (1991) എന്നിവയാണ് കവിതാ സമാഹാരങ്ങൾ. 'നായകന്മാർ ശവപ്പെട്ടികളിൽ', 'ഡിലൻ തോമസിന്റെ പന്ത്', 'മേതിൽ കഥകൾ' (2013) എന്നിവയാണ് പ്രധാന കഥാ സമാഹാരങ്ങൾ. ഇംഗ്ലീഷിൽ 'ദ ലവ് സോങ് ഓഫ് ആൽഫ്രഡ് ഹിച്ച്‌കോക്ക്' (2004) പ്രസിദ്ധീകരിച്ചു. 2016-ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം അക്കാദമികളിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി മേതിൽ നിരസിച്ചിരുന്നു. 2025-ൽ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചു.

article-image

effdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed