ബഹ്റൈനിൽ ഗേറ്റ്വേ ഗൾഫ് ഫോറം 2026ന് തുടക്കം: നിക്ഷേപ താൽപ്പര്യവും സാമ്പത്തിക സുസ്ഥിരതയും വിളംബരം ചെയ്ത് രാജ്യം
പ്രദീപ് പുറവങ്കര
മനാമ: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയും നിക്ഷേപ സൗഹൃദ അന്തരീക്ഷവും വിളിച്ചോതി നാലാമത് 'ഗേറ്റ്വേ ഗൾഫ് ഫോറം 2026'ന് ഫോർ സീസൺസ് ഹോട്ടൽ ബഹ്റൈൻ ബേയിൽ തുടക്കമായി. ‘ആഗോള പങ്കാളിത്തങ്ങൾ പുനർനിർവചിക്കുക, സുസ്ഥിര വളർച്ചയ്ക്ക് കരുത്തേകുക’ എന്ന പ്രമേയത്തിലാണ് ദ്വിദിന നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള 150-ലധികം പ്രമുഖ പ്രഭാഷകരും 2,000-ത്തിലധികം ബിസിനസ്സ് പ്രമുഖരും സി.ഇ.ഒമാരും ഗവൺമെന്റ് പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ആഗോളതലത്തിലുള്ള സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും റീജിയണൽ ആത്മവിശ്വാസത്തിന്റെ തെളിവാണ് ഈ ഫോറമെന്ന് ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ഇ.ഡി.ബി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നൂർ അൽ ഖുലൈഫ് പറഞ്ഞു. അന്താരാഷ്ട്ര നിക്ഷേപകർക്ക് ബഹ്റൈൻ എന്നും വിശ്വസ്തവും സുരക്ഷിതവുമായ തന്ത്രപ്രധാന കേന്ദ്രമാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി. ഫോറത്തിന്റെ പ്രധാന വേദിയിലും 'മനാമ സർക്കിളിലും' വെച്ച് വൻകിട കരാറുകളും നിക്ഷേപ പദ്ധതികളും പ്രഖ്യാപിക്കുമെന്നും, ബഹ്റൈനിലെ ശക്തമായ സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്ന പോസിറ്റീവ് സംഖ്യകൾ പുറത്തുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കിരീടാവകാശിയും പ്രധാനമന്ത്രിയും ഇ.ഡി.ബി ചെയർമാനുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ 2018-ൽ ആരംഭിച്ച ഫോറം, കേവലം പങ്കാളിത്തത്തേക്കാൾ ഉയർന്ന മൂല്യമുള്ള ബിസിനസ്സ് കരാറുകൾക്കും ബി2ബി (B2B), ബി2ജി (B2G) ചർച്ചകൾക്കുമാണ് മുൻഗണന നൽകുന്നതെന്ന് ഇ.ഡി.ബി ചീഫ് ഓഫ് ബിസിനസ് ഡെവലപ്മെന്റ് അലി അൽ മുദൈഫ വിശദീകരിച്ചു. കൃത്യമായ പ്ലാനിംഗോടെ നടക്കുന്ന ചർച്ചകൾക്കായി പ്രത്യേക സാങ്കേതിക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ഉയർന്ന തലത്തിലുള്ള തീരുമാനങ്ങളെടുക്കാൻ പ്രാപ്തരായ പ്രതിനിധികളുടെ സാന്നിധ്യമാണ് ഇത്തവണത്തെ സവിശേഷതയെന്ന് ഇ.ഡി.ബി ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ അഹമ്മദ് അബ്ദുൽ ഗനി പറഞ്ഞു. സ്വകാര്യ-പൊതു മേഖലകളെ കോർത്തിണക്കി നിക്ഷേപ ആശയങ്ങളെ പ്രായോഗിക തലത്തിലെത്തിക്കുകയാണ് ഫോറത്തിന്റെ ലക്ഷ്യമെന്ന് ഇ.ഡി.ബി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ചീഫ് മുഹമ്മദ് അൽ അലവി വ്യക്തമാക്കി. ഫിനാൻഷ്യൽ സർവീസസ്, ടെക്നോളജി, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്സ്, ടൂറിസം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെ പ്രധാന വളർച്ചാ സാധ്യതകൾ ഫോറത്തിൽ ചർച്ചയാകും.
dfsdfsdsfdsf

