കേരളത്തിന് ഇന്ന് 70-ാം പിറന്നാൾ: അതിരുകൾ മാഞ്ഞ ആത്മാഭിമാനത്തിന്റെ ദിനം


ഷീബ വിജയൻ


തിരുവനന്തപുരം: ഭാഷയുടെ മനോഹരമായ ഐക്യത്തിൽ ഒരു ജനത ഒന്നായിത്തീർന്ന ചരിത്രമുഹൂർത്തത്തെ സ്മരിച്ച് കേരളം ഇന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുകയാണ്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രാദേശിക അതിരുകൾ മായ്ച്ചുകളഞ്ഞ് 'മലയാളം' എന്ന ഒറ്റ വികാരത്തിൽ ഒന്നായപ്പോൾ പിറന്നത് ഒരു ഭൂപ്രദേശം മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയായ ഒരു സ്വപ്ന രാഷ്ട്രീയഭൂമിക കൂടിയാണ്. അമ്മമലയാളത്തിന്റെ മധുരം നുണഞ്ഞു വളർന്ന ഓരോ മലയാളി മനസ്സിലും ആത്മാഭിമാനം നിറയുന്ന സുദിനമാണിത്. കടലും കായലും പച്ചപ്പു നിറഞ്ഞ മലനിരകളും നദികളും കൈകോർക്കുന്ന ഈ നാടിനെ ലോകം 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിശേഷിപ്പിക്കുന്നത് വെറുതെയല്ല. ജാതിമത ചിന്തകൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയ നവോത്ഥാന നായകരുടെ ചോരയും വിയർപ്പും വീണു ഫലഭൂയിഷ്ഠമായ മണ്ണാണ് നമ്മുടേത്.

സാക്ഷരത, ആരോഗ്യം, ജനകീയാസൂത്രണം, ഭൂപരിഷ്കരണം തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയാകാൻ കേരളത്തിന് സാധിച്ചു. കേവല അധികാരത്തേക്കാൾ വലുതാണ് ജനങ്ങളുടെ അവകാശബോധമെന്നും, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ള പ്രതിബദ്ധതയാണ് യഥാർത്ഥ രാഷ്ട്രീയമെന്നും നമ്മൾ ലോകത്തിന് കാട്ടിക്കൊടുത്തു. ഇന്ന് ലോകത്തിന്റെ ഏത് കോണിലായാലും മലയാളി തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ട്. ലോകത്ത് എവിടെ ജീവിച്ചാലും ഓണവും വിഷുവും പെരുന്നാളും ക്രിസ്മസുമെല്ലാം ഒരേ മനസ്സോടെ ഒരുമിച്ച് ആഘോഷിക്കുന്ന ആ സാഹോദര്യവും സൗഹാർദ്ദവുമാണ് നമ്മുടെ അഹങ്കാരം. വിദ്വേഷത്തിന് മേൽ സ്നേഹവും വിഭജനത്തിന് മേൽ ഒരുമയും കാത്തുസൂക്ഷിച്ച്, മലയാളത്തെ നെഞ്ചോട് ചേർത്ത് നാടിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ഈ കേരളപ്പിറവി ദിനത്തിൽ നമുക്ക് ഒന്നായി കൈകോർക്കാം.

article-image

്േ്്േോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed