സ്കൂളുകളിൽ നിയമ-മാധ്യമ പഠനം പ്രത്യേക വിഷയങ്ങളാക്കാൻ എം.പിമാരുടെ നിർദ്ദേശം; എതിർപ്പുമായി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് നിയമപരമായി അറിയേണ്ട അവകാശങ്ങളും ഉത്തരവാദിത്തങ്ങളും കുറ്റകൃത്യങ്ങളും മനസ്സിലാക്കുന്നതിനായി 'നിയമം', 'മാധ്യമ പഠനം' (Law and Media Studies) എന്നിവ പ്രത്യേക വിഷയങ്ങളായി ഉൾപ്പെടുത്തണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഈ നിർദ്ദേശങ്ങൾ ചർച്ചയ്ക്ക് വരും.
ഗവൺമെന്റ് സെക്കൻഡറി സ്കൂളുകളിൽ നിയമ പഠനം കൊണ്ടുവരണമെന്ന് എം.പി മുഹമ്മദ് സൽമാൻ അൽ അഹമ്മദും, ഇന്റർമീഡിയറ്റ്, സെക്കൻഡറി തലങ്ങളിൽ നിയമ-മാധ്യമ പഠനങ്ങൾ പ്രത്യേക വിഷയങ്ങളാക്കണമെന്ന് എം.പി ജലാൽ കാസിമും നിർദ്ദേശിച്ചു. പാർലമെന്ററി സർവീസസ് കമ്മിറ്റി ഇരു നിർദ്ദേശങ്ങളും സംയോജിപ്പിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
എന്നാൽ, ഈ നീക്കത്തെ വിദ്യാഭ്യാസ മന്ത്രാലയം എതിർത്തു. സ്കൂളുകളിലെ നിലവിലെ പാഠ്യപദ്ധതിയിൽ തന്നെ പ്രാഥമിക നിയമ തത്വങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, നിയമ പഠനം പോലെയുള്ള പ്രത്യേക വിഷയങ്ങൾ ഉന്നത വിദ്യാഭ്യാസ തലത്തിലാണ് (യൂണിവേഴ്സിറ്റി) അനുയോജ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവിലുള്ള 'സിറ്റിസൺഷിപ്പ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് എഡ്യൂക്കേഷൻ' വിഷയത്തിലൂടെ വിദ്യാർത്ഥികൾക്ക് നിയമവാഴ്ച, പൗരന്മാരുടെ അവകാശങ്ങളും കടമകളും, ശിക്ഷാവിധികൾ, രാജ്യത്തെ നീതിന്യായ വ്യവസ്ഥ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നൽകുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങൾ, രാഷ്ട്രീയ വ്യവസ്ഥ, തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളുടെ പ്രായത്തിനനുസരിച്ചാണ് പാഠഭാഗങ്ങൾ തയാറാക്കിയിരിക്കുന്നതെന്നും വോർക്ക്ഷോപ്പുകളിലൂടെ കൂടുതൽ അറിവ് നൽകുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, നിയമത്തെക്കുറിച്ചുള്ള അജ്ഞത ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് ഒഴിവാകാനുള്ള ഒഴികഴിവല്ലെന്ന് എം.പി മുഹമ്മദ് സൽമാൻ അൽ അഹമ്മദ് ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ പൗരന്മാർ നിയമപരമായ അനന്തരഫലങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് അദ്ദേഹം വാദിച്ചു.
csvvdsds

