ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചു; ദീപാവലിക്ക് നാട്ടിലെത്താൻ 'കൊള്ളവില' നൽകി യാത്രക്കാർ
ഷീബ വിജയൻ
ദീപാവലി അവധിക്കാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് വൻ തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. യാതൊരു നിയന്ത്രണവുമില്ലാതെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ 450 ശതമാനത്തിലധികം വർദ്ധിച്ചതോടെ പല ആഭ്യന്തര റൂട്ടുകളിലെയും യാത്ര അന്താരാഷ്ട്ര യാത്രകളേക്കാൾ ചെലവേറിയതായി മാറി. സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയിട്ടും ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ നിശ്ചയിച്ച ഒക്ടോബർ 30-ലെ സമയപരിധി പാലിക്കപ്പെട്ടില്ല. ഏറ്റവും കൂടുതൽ തിരക്കുള്ള മുംബൈ - ഡൽഹി റൂട്ടിൽ നവംബർ 7-നുള്ള ടിക്കറ്റ് നിരക്ക് 26,560 രൂപയായി ഉയർന്നു. സാധാരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 431 ശതമാനത്തിന്റെ വർദ്ധനവാണ്. സ്പൈസ് ജെറ്റ് അടക്കമുള്ള മറ്റ് കമ്പനികളും ഉയർന്ന നിരക്കുകളാണ് ഈടാക്കുന്നത്.
മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യാൻ നൽകേണ്ട തുകയേക്കാൾ കുറഞ്ഞ നിരക്കിൽ ലണ്ടൻ, ബാങ്കോക്ക്, ദുബായ് തുടങ്ങിയ വിദേശ നഗരങ്ങളിലേക്ക് ടിക്കറ്റ് ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഈ പ്രതിസന്ധി ദീപാവലിയോടെ അവസാനിക്കുന്നില്ലെന്നും പുതുവത്സര അവധിക്കാലത്തേക്കുള്ള ബുക്കിംഗുകളിലും നിരക്കുകൾ ഇതിനകം മൂന്നിരട്ടിയോളം വർദ്ധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഉയർന്ന വിമാന നിരക്ക് സാധാരണക്കാരുടെ ബജറ്റ് താറുമാറാക്കിയതോടെ ജനങ്ങൾ ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്ന കാഴ്ചയാണ് കാണുന്നത്.
്ിി്്ിേ്ി

