ഫ്ലിപ്കാർട്ടിൽ വൻ അഴിമതി: വെണ്ടർമാരിൽ നിന്ന് ജീവനക്കാർ 150 കോടി കോഴ വാങ്ങിയെന്ന് ആരോപണം; അന്വേഷണം ആരംഭിച്ച് മാതൃകമ്പനിയായ വാൾമാർട്ട്
ശാരിക
ന്യൂഡല്ഹി: പ്രമുഖ ഇ-കോമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടിലെ (Flipkart) ഉന്നത ജീവനക്കാർ വെണ്ടർമാരിൽ നിന്ന് 150 കോടിയിലധികം രൂപ കോഴ വാങ്ങിയെന്ന ഗുരുതര പരാതിയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ച് മാതൃകമ്പനിയായ വാൾമാർട്ട് (Walmart). സ്മാർട്ട്ഫോൺ, യാത്രാ ബാഗുകൾ എന്നീ വിഭാഗങ്ങളിലെ ജീവനക്കാർക്കെതിരെയാണ് പ്രധാനമായും അഴിമതി ആരോപണം ഉയർന്നിട്ടുള്ളത്. പ്രമുഖ സാമ്പത്തിക മാധ്യമമായ 'മണികൺട്രോൾ' ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ചില പ്രമുഖ മൊബൈൽ ബ്രാൻഡ് വെണ്ടർമാരിൽ നിന്നും മറ്റ് കമ്പനികളിൽ നിന്നും ജീവനക്കാർ അനധികൃതമായി പണം കൈപ്പറ്റുകയും, ഇതിന് പകരമായി ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോമിൽ ഈ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിസിബിലിറ്റിയും ഉയർന്ന വിൽപ്പന സാധ്യതകളും ഒരുക്കി നൽകുകയും ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പ്രധാനമായും ഫ്ലിപ്കാർട്ടിന്റെ ബിസിനസ് ടു ബിസിനസ് (B2B) വിഭാഗത്തിലാണ് ഈ വൻ അഴിമതി നടന്നിരിക്കുന്നത്.
വിഷയത്തിൽ വാൾമാർട്ട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, കമ്പനിക്ക് ശക്തവും കർശനവുമായ കോർപ്പറേറ്റ് ഭരണനിർവ്വഹണ സംവിധാനങ്ങളുണ്ടെന്നും ഏത് പരാതിയും അതീവ ഗൗരവത്തോടെ പരിശോധിച്ച് കർശന നടപടിയെടുക്കുമെന്നും ഫ്ലിപ്കാർട്ട് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഫ്ലിപ്കാർട്ടിലെ ആഭ്യന്തര സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വാൾമാർട്ട് നടത്തുന്ന മൂന്നാമത്തെ വലിയ ആഭ്യന്തര അന്വേഷണമാണിത്. മുൻപ് നടന്ന അന്വേഷണങ്ങളിലും വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുകയും അതിനെത്തുടർന്ന് ചില ജീവനക്കാരെ പിരിച്ചുവിടുകയും മറ്റ് ചിലർ രാജി സമർപ്പിക്കുകയും ചെയ്തിരുന്നു.
നിലവിൽ പ്രാരംഭ ഓഹരി വിൽപ്പന (IPO) വൈകുന്നതിലെ ആശങ്കകൾ, മുതിർന്ന ഉദ്യോഗസ്ഥരുടെ തുടർച്ചയായ കൊഴിഞ്ഞുപോക്ക്, ജീവനക്കാരുടെ ഇ.എസ്.ഒ.പി (ESOP) തർക്കങ്ങൾ എന്നിവയാൽ ഉഴലുന്ന ഫ്ലിപ്കാർട്ടിന് പുതിയ അഴിമതി അന്വേഷണം വലിയ കോർപ്പറേറ്റ് തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ssadf

