ഭക്ഷണശാ­ലകൾ­ക്ക് ഭീ­ഷണി­യാ­യി­ ഈച്ചകൾ


മനാമ : കാലാവസ്ഥ മാറിയതോടെ മനാമയിലും പരിസര പ്രദേശങ്ങളിലും ഈച്ച ശല്യം കൂടിയതായി പരാതി ഉയരുന്നു. പ്രവാസലോകത്ത് നാടിനെ അപേക്ഷിച്ച് ഈച്ച, കൊതുക്, മറ്റ് പ്രാണികൾ എന്നിവയുടെ സാന്നിദ്ധ്യം മുന്പ് കുറവായിരുന്നുവെങ്കിലും ഇന്ന് അതല്ല സ്ഥിതി. ഇത് ഏറ്റവുമധികം ബാധിക്കുന്നത് ചെറുകിട ഭക്ഷണ ശാലകളെയാണ്. സാധാരണ മഴ പെയ്ത് തീർന്നാൽ ഉണ്ടാകുന്ന വെള്ളകെട്ടുകൾ കാരണമായിരുന്നു ഈച്ച ശല്യം പെരുകിയിരുന്നത്. മേൽത്തരം ഭക്ഷണ ശാലകളിൽ പ്രാണികളെ പിടികൂടുന്ന ഇലക്ട്രോണിക്ക് യന്ത്രം സ്ഥാപിച്ച് അവയെ ഇല്ലായ്മ ചെയ്യുന്നുണ്ടെങ്കിലും ചെറുകിടക്കാർക്ക് അതിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈച്ച ശല്യം കാരണം ഉപഭോക്താക്കളുടെ ശകാരത്തിന് ഇവർക്ക് ഇരയാകേണ്ടിയും വരുന്നു. വളരെ വൃത്തിയോടെയും വെടിപ്പോടെയും നടത്തുന്ന തങ്ങളുടെ ബിസിനസിനെ ഈച്ച ശല്യം ബാധിക്കുമോ എന്നത് ആശങ്കയുണ്ടാക്കുന്നതായും അവർ പറയുന്നു. 

ഭക്ഷണ ശാലകൾക്കൊപ്പം തന്നെ ഫ്ളാറ്റുകളുടെ ഉള്ളിലേയ്ക്കും ഈച്ചകളുടെ സാന്നിദ്ധ്യം എത്തിതുടങ്ങിയിട്ടുണ്ട്. തീൻമേശയിൽ ഭക്ഷണ സാധനങ്ങൾ വെച്ചാൽ അപ്പോൾ തന്നെ ഈച്ചകൾ വരുന്ന അവസ്ഥയും ഉണ്ടാകുന്നു. അടുക്കളയിലെ ഗാർബേജ് ബാഗുകൾ, വാഷ് ബേസിനുകൾ എന്ന് വേണ്ട ചായയുടെ ഗ്ലാസിൽ വരെ ഈച്ചകൾ പറന്നെത്തുന്നുവെന്ന് വീട്ടമ്മമാർ പറയുന്നു. ഈ കാലാവസ്ഥയിൽ ഈച്ചകൾ വഴി രോഗം പകരാൻ സാധ്യത കൂടുതലാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. വയറിളക്കം, ചർദ്ദി എന്നിവ എളുപ്പം വരാനും ഇവയുടെ ആധിക്യം കാരണമാകും. അടുത്ത മഴയോടെ ഈച്ചകൾ പെറ്റുപെരുകുന്നത് തടയാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് പൊതുവെയുള്ള ആവശ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed