ഭക്ഷണശാലകളിൽ കലോറിയും അലർജി വിവരങ്ങളും നിർബന്ധമാക്കാൻ നീക്കം; ബില്ലിന് ബഹ്റൈൻ ശൂറ കൗൺസിലിന്റെ അംഗീകാരം
പ്രദീപ് പുറവങ്കര
മനാമ : വിലയും രുചികരമായ വിവരണങ്ങളും മാത്രമല്ല, ഇനി ഭക്ഷണത്തിലെ കലോറിയും അപകടകരമായ അലർജികൾ ഉണ്ടാക്കുന്ന ചേരുവകളും കൂടി നോക്കി ബഹ്റൈനിലെ ഉപഭോക്താക്കൾക്ക് ഭക്ഷണശാലകളിൽ നിന്ന് ഓർഡർ ചെയ്യാൻ സാധിച്ചേക്കുമെന്ന് സൂചന. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ മറ്റ് ഭക്ഷണശാലകൾ എന്നിവ കലോറി അളവുകൾ പ്രദർശിപ്പിക്കുന്നതും ഗുരുതരമായ അലർജികൾക്ക് കാരണമാകുന്ന ചേരുവകൾ വ്യക്തമാക്കുന്നതും നിർബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി ശൂറ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു.
ഡോ. ജമീല അൽ സൽമാൻ അധ്യക്ഷയായ സർവീസസ് കമ്മിറ്റിയുടെ പരിശോധനയ്ക്കും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചനയ്ക്കുമായി ഈ നിർദ്ദേശം കൗൺസിൽ സമർപ്പിച്ചു. ഡോ. ജമീല അൽ സൽമാനും മറ്റ് നാല് ഷൂറ അംഗങ്ങളും ചേർന്ന് അവതരിപ്പിച്ച ഈ നിർദ്ദേശം, ഭക്ഷണസാധനങ്ങളിലെ പോഷകാഹാര വിവരങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും അതുവഴി ഓർഡർ ചെയ്യുന്നതിന് മുൻപ് ശരിയായ തീരുമാനങ്ങൾ എടുക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
തങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ എത്ര കലോറിയുണ്ടെന്നോ, ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അലർജിയുണ്ടാക്കുന്ന ചേരുവകൾ അതിൽ അടങ്ങിയിട്ടുണ്ടോ എന്നോ അറിയാൻ ആളുകൾ ഊഹിക്കേണ്ടി വരരുത്. ഓർഡർ നൽകുന്നതിന് മുൻപ് ഈ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്ന് ഡോ. ജമീല അൽ സൽമാൻ വ്യക്തമാക്കി.
പൊതുജനാരോഗ്യ നിയമത്തിലെ ആർട്ടിക്കിൾ 19-ൽ പുതിയൊരു വ്യവസ്ഥ കൂടി ഉൾപ്പെടുത്തുന്നതാണ് ഈ ഭേദഗതി. കലോറി വിവരങ്ങളുടെ പ്രദർശനവും ഭക്ഷണശാലകളിൽ നൽകുന്ന ഭക്ഷണങ്ങളിലെ അലർജികളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും നിയന്ത്രിക്കാൻ ചുമതലയുള്ള അധികാരികൾക്ക് ഇത് അധികാരം നൽകും. കലോറി, അലർജികൾ എന്നിവയ്ക്ക് പുതിയ നിയമപരമായ നിർവചനങ്ങൾ നൽകുന്നതോടൊപ്പം, ഏതൊക്കെ അലർജി വിവരങ്ങളാണ് നിർബന്ധമായും പ്രഖ്യാപിക്കേണ്ടതെന്ന് തീരുമാനിക്കാൻ ആരോഗ്യ മന്ത്രിക്ക് അധികാരം നൽകുകയും ചെയ്യുന്നു.
ഈ നിർദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 300 ബഹ്റൈൻ ദിനാർ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്.
ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് അനാവശ്യമായ ഭാരങ്ങൾ ഉണ്ടാക്കുകയല്ല ഈ പദ്ധതിയെന്നും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള പ്രായോഗികമായ മുൻകരുതലുകൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ഡോ. ജമീല പറഞ്ഞു. ചെറിയ ലക്ഷണങ്ങൾ മുതൽ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അനാഫൈലക്ടിക് ഷോക്ക് വരെ ഉണ്ടാക്കാൻ അലർജികൾക്ക് സാധിക്കുമെന്നതിനാൽ അലർജി മുന്നറിയിപ്പുകളുടെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു.
അലർജികളെക്കുറിച്ചുള്ള വ്യക്തമായ വെളിപ്പെടുത്തൽ പ്രതിരോധ ആരോഗ്യ മുൻകരുതലാണ്. ഗുരുതരമായ ഭക്ഷ്യ അലർജിയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം, ഭക്ഷണത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് അറിയുന്നത് സുരക്ഷിതമായി ഭക്ഷണം ആസ്വദിക്കുന്നതിനും വലിയൊരു അത്യാഹിതം ഒഴിവാക്കുന്നതിനും ഇടയിലുള്ള വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
വീടിന് പുറത്ത് വിളമ്പുന്ന ഭക്ഷണങ്ങളിലെ കലോറി വിവരങ്ങളും മെനുവിലുള്ള അലർജി വെളിപ്പെടുത്തലുകളും ഉൾക്കൊള്ളുന്ന ഗൾഫ് സാങ്കേതിക മാനദണ്ഡങ്ങൾ ബഹ്റൈൻ അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഈ മാനദണ്ഡങ്ങൾ മാത്രം എല്ലാ ഭക്ഷണശാലകളിലും കർശനമായി നടപ്പിലാക്കാൻ പര്യാപ്തമല്ലെന്ന് ഇതിന്റെ പ്രയോക്താക്കൾ വാദിക്കുന്നു. പുതിയ നിയമനിർമ്മാണത്തിലൂടെ മേൽനോട്ടവും പിഴയും അടങ്ങിയ കൃത്യമായ നിയമപരമായ അടിസ്ഥാനം ഇതിനായി ഉറപ്പാക്കാൻ സാധിക്കും.
zxcccxzcx

