ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: മാതൃഭാഷയോടുള്ള സ്നേഹവും ഐക്യവും വിളിച്ചോതി ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം വൈവിധ്യമാർന്ന കലാപരിപാടികളോടെ വർണാഭമായി സംഘടിപ്പിച്ചു. സെഗയ്യയിലെ ബി.എം.സി. ഹാളിൽ നടന്ന ആഘോഷപരിപാടികൾ കോന്നി എം.എൽ.എ. അഡ്വ. കെ.യു. ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് അവതരിപ്പിച്ച സംഗീതശിൽപം, ഫ്യൂഷൻ ഡാൻസ്, മൈക്രോ ഡ്രാമ, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ് തുടങ്ങിയ വിവിധ കലാവിഷ്കാരങ്ങൾ സദസ്സിന്റെ വലിയ കൈയടിയാണ് നേടിയത്.

article-image

മലയാളഭാഷയുടെ പ്രചാരണത്തിനും പരിപോഷണത്തിനും ബഹ്‌റൈൻ പ്രവാസലോകത്ത് ശ്രദ്ധേയമായ സംഭാവനകളാണ് സംഘടന നൽകുന്നതെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മാതൃഭാഷയെയും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിൽ മലയാളം പാഠശാല നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

article-image

മലയാളം പാഠശാല പ്രിൻസിപ്പൽ സുരേന്ദ്രൻ വി.കെ. സദസ്സിന് ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാഠശാല കൺവീനർ ജയേഷ് വി.കെ. സ്വാഗതം ആശംസിച്ച ചടങ്ങിന് കേരളപ്പിറവി ദിനാഘോഷ സംഘാടക സമിതി ചെയർപേഴ്‌സൺ ഷീജ വീരമണി അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി സുലേഷ് വി.കെ., വൈസ് പ്രസിഡന്റ് ജയകുമാർ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി കൺവീനർ വിജിന ജയൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

article-image

വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്‌കാർ നേടിയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയും മലയാളം പാഠശാലയിലെ പഠിതാവുമായ ദക്ഷ ശ്രീഷ വിജേഷ്, കലാഭവൻ മണി ഫൗണ്ടേഷന്റെ 2026-ലെ ഓടപ്പഴം പുരസ്‌കാരം നേടിയ നാടൻപാട്ട് കലാകാരനും പ്രതിഭ മനാമ സൂഖ് യൂണിറ്റ് സെക്രട്ടറിയുമായ ലിനീഷ് കാനായി, കേരള ഫോക്‌ലോർ അക്കാദമിയുടെ 2024-ലെ യുവപ്രതിഭ പുരസ്‌കാരം (നാടൻപാട്ട്) നേടിയ പ്രതിഭ വനിതാവേദി പ്രസിഡന്റ് ദീപ്തി ആർ. അറ്റാച്ചേരി എന്നിവരെ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ. പൊന്നാടയണിയിച്ച് അനുമോദിച്ചു.

article-image

fgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed