ഭിന്നശേഷിക്കാർക്ക് പ്രത്യേക ശ്രദ്ധ ആവശ്യം
മനാമ : ഭിന്നശേഷിക്കാരായ വിദഗ്ദ്ധ തൊഴിലാളികളെ ആദരിക്കാൻ ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് തീരുമാനിച്ചതായി ഉയർന്ന ഗവൺമെന്റ് പ്രതിനിധി അറിയിച്ചു. തീരുമാനം കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ അവരെ പ്രാപ്തരാക്കുമെന്ന് സാമൂഹ്യക്ഷേമ−സാമൂഹിക വികസന മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ ഐഷ ബിൻത് അലി അൽ ഖലീഫ പറഞ്ഞു. അടുത്തിടെ നടന്ന ഒരു ചടങ്ങിനിടെ ഭിന്നശേഷിക്കാരായ എട്ട് തൊഴിലാളികളെ രാജാവ് ആദരിച്ചിരുന്നു. തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ കൂടുതൽ സമന്വയിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്നും അവരെ ബഹുമാനിക്കുന്നതിലൂടെ ദേശീയ സന്പദ്−വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഫലപ്രദമായ സ്വാധീനം ചെലുത്താനാകുമെന്നും ഷെയ്ഖ ഐഷ പറഞ്ഞു.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് വേണ്ടിയും പരിപാലനം, പുനരധിവാസം, എളുപ്പത്തിൽ തൊഴിൽ ഉറപ്പാക്കൽ എന്നിവയ്ക്കായും “നിങ്ങൾ തനിച്ചല്ല” (“You Are Not Alone”) എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചതായും അവർ പറഞ്ഞു. പദ്ധതിയിലൂടെ 33 പേർക്ക് തൊഴിൽ നൽകാനായെന്നും, ഭിന്നശേഷിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി 25 സ്ഥാപനങ്ങളെ സമീപിച്ചതായും ഷെയ്ഖ ഐഷ പറഞ്ഞു. ശാക്തീകരണ പരിപാടിയിലൂടെ ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യമേഖലയിൽ പ്രത്യേക പരിശീലനം നൽകുന്നതായും അവർ വ്യക്തമാക്കി.

