നിയാർക് ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച എംക്യൂബ് പരിപാടി ശ്രദ്ധേയമായി
മനാമ : ഭിന്നശേഷിയുള്ള കുട്ടികൾക്കായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷ്ണൽ അക്കാദമി ആന്റ് റിസേർച്ച് സെന്ററിന്റെ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച എംക്യൂബ് പരിപാടി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പ്രൊഫസർ ഗോപിനാഥ് മുതുകാടിന്റെ മോൾഡിങ് മൈൻഡ് മാജിക്കലി എന്ന പ്രോഗ്രാമിന് ആയിരക്കണക്കിന് ആളുകളാണ് കേരളീയസമാജത്തിൽ തടിച്ചുകൂടിയത്. ഇന്നത്തെ ജീവിത രീതിയിൽ മാതാപിതാക്കൾ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള ഉത്തരമായിരുന്നു എംക്യൂബ് എന്ന പരിപാടി.
മനുഷ്യൻ തന്റെ ജീവിതത്തിൽ മുന്നേറാവുന്ന എല്ലാ മേഖലയിലും വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ടാക്കുകയായിരുന്നു അദ്ദേഹം. തന്റെ മാസ്മരികമായ പ്രകടനത്തിലൂടെ മനസ്സുകളെ കീഴടക്കിയ പ്രൊഫസർ മുതുകാട് സദസ്സിന്റെ സംശയനിവാരണത്തിനും വേദി ഒരുക്കി.
നെസ്റ്റ് ജനറൽ സെക്രട്ടറി യൂനുസ് നെസ്റ്റിന്റെ പിറവിയെയും പ്രവർത്തനങ്ങളെയുംപറ്റി പറയുന്പോൾ അത് കണ്ണീരിന്റെ നനവോടെ എല്ലാവരും ഏറ്റുവാങ്ങി. മനുഷ്യൻ എന്നത് സാമൂഹ്യജീവിയാണെന്നും തന്നിലേക്കുതന്നെ ഒതുങ്ങിപോകുന്ന നിലവിലെ സാഹചര്യം മാറണമെന്നും സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ച അദ്ദേഹം വ്യക്തമാക്കി. നെസ്റ്റിലെ കുഞ്ഞുങ്ങളുടെ ഹൃദയമിടിപ്പ് യൂനുസിന്റെ വാക്കുകളിൽ പ്രകടമായിരുന്നു.
കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എൻ.കെ വീരമണി, കെ.എം.സി.സി പ്രസിഡണ്ട് എസ്.വി ജലീൽ, ഡോ. പി.വി ചെറിയാൻ എന്നിവർക്ക് പുറമെ നെസ്റ്റ് കൊയിലാണ്ടി ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി, ഗ്ലോബൽ വൈസ് ചെയർമാൻ ടി.കെ നാസർ (ചെന്നൈ), സെക്രട്ടറി യുസൈർ, ബഷീർ ബാത്ത (കുവൈത്ത്), ആദർശ് (യു.എ.ഇ) എന്നിവരും സംസാരിച്ചു.
നിയാർക്കിന്റെ 2018ലെ കലണ്ടർ പ്രൊഫസർ മുതുകാടിന് നൽകികൊണ്ട് അബ്ദുള്ള കരുവഞ്ചേരി പ്രകാശനം ചെയ്തു. എംക്യൂബ് പരിപാടിയുടെ പ്രചരണാർത്ഥം ബഹ്റൈൻ ഡിഫറന്റ് തിങ്കേസ് നടത്തിയ ബെസ്റ്റ് ബ്യുട്ടി ഫോട്ടോ കൺഡസ്റ്റന്റ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികൾക്ക് ഗോപിനാഥ് മുതുകാട് സമ്മാനം വിതരണം ചെയ്തു.
നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി സലീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രോഗ്രാമിൽ ജനറൽ സെക്രട്ടറി ടി.പി നൗഷാദ് സ്വാഗതവും ട്രഷറർ അസീൽ അബ്ദുറഹ്മാൻ നന്ദിയും രേഖപ്പെടുത്തി. പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ ഹനീഫ് കടലൂരിന്റെ നേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

