സ്കൂൾ തിരഞ്ഞെടുപ്പ് : ആദ്യ പാതിയിൽ തണുത്ത പ്രതികരണം; പ്രതീക്ഷയോടെ സ്ഥാനാർത്ഥികൾ
മനാമ : ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പിന് ആദ്യപാതിയിൽ തണുത്ത പ്രതികരണം. രാവിലെ മുതൽ നടക്കുന്ന വോട്ടെടുപ്പിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ ഉച്ചക്ക് രണ്ട് മണിയാകുന്പോഴേക്കും രണ്ടായിരത്തി അഞ്ഞൂറോളം വോട്ടർമാരാണ് എത്തിയത്. ആകെയുള്ള വോട്ടർമാരുടെ 30 ശതമാനമാണ് ഇത്. കഴിഞ്ഞ കുറച്ച് ദിവസത്തെ വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ശേഷംവോട്ട് രേഖപ്പെടുത്താൻ വരുന്നവർക്ക് അൽപ്പമെങ്കിലും തടസം സൃഷ്ടിച്ചത് തണുത്ത കാറ്റും,പൊടിയുമാണ്. എങ്കിലും പ്രതികൂല സാഹചര്യങ്ങളെ വകവെയ്ക്കാതെ ആളുകളുടെ ഒഴുക്ക് ഉച്ചയ്ക്ക് ശേഷമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിവിധ പാനലുകളും, സ്ഥാനാർത്ഥികളും.
രാവിലെ എട്ട് മണിക്ക് ആരംഭിച്ച ജനറൽ ബോഡി ക്വാറം തികയാത്തത് കാരണം പെട്ടന്ന് തന്നെ അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് 9 മണിയോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത്. ഇസാടൗണിലെ ഇന്ത്യൻ സ്കൂളിന് വെളിയിൽ അവരവരുടെ പാനലിെന്റ വോട്ടുകൾ ഉറപ്പിക്കാൻ അരയും തലയും മുറുക്കി പ്രവർത്തകർ വോട്ട് പിടുത്തം രാവിലെ മുതൽ തന്നെ ആരംഭിച്ചിരുന്നു. വാദ്യമേളങ്ങളും മുദ്രാവാക്യം വിളികളാലും ഇന്ത്യൻ സ്കൂൾ പരിസരം ശബ്ദകോലാഹലം കൊണ്ട് മുഖരിതമാണ്. തങ്ങൾക്കനുകൂലമായ വോട്ടർമാർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ ഓരോ പാനൽ ഭാരവാഹികളും ശ്രദ്ധ ചെലുത്തുന്നത് രസകരമായ കാഴ്ച്ചയായി മാറുന്നുണ്ട്. ഈ തിരഞ്ഞെടുപ്പ് കോലാഹലങ്ങൾക്കിടയിലൂടെ വാഹനങ്ങൾ കടന്നു പോകാൻ നന്നേ ബുദ്ധിമുട്ടുകയാണ്. വോട്ട്ചെയ്യാനുള്ള ആഹ്വാനങ്ങളും ബ്രോഷർ വിതരണവും ആൾക്കൂട്ടവും കണ്ട് അന്തം വിടുകയാണ് ഇതുവഴി പോകുന്ന സ്വദേശി സമൂഹവും.
ഇന്ത്യൻ സ്‌കൂൾ നിലവിലെ ഭരണ സമിതിക്കും മുൻപുള്ള ഭരണ സമിതിയുടെ രണ്ട് പ്രവർത്തന കാലഘട്ടത്തിലും സ്‌കൂൾ ചെയർമാനായിരുന്ന പി.വി രാധാകൃഷ്ണ പിള്ളയുടെ പാനൽ നേതൃത്വം നൽകുന്ന യു.പി.എ എന്ന പാനലും, മൂന്ന് വർഷം മുൻപത്തെ ചെയർമാനായിരുന്ന എബ്രഹാം ജോൺ നയിക്കുന്ന യു.പി.പി പാനലും, കേരളീയ സമാജം സാഹിത്യവിഭാഗം മുൻ കൺവീനറായിരുന്നിട്ടുള്ള വിപിൻ കുമാറിന്റെ നേതൃത്വത്തിലുള്ള പി.പി.എ പാനലും തമ്മിലാണ് പ്രധാന മത്സരം. ഫ്രാൻസിസ് കൈതാരത്ത്, പ്രിൻസ് നടരാജൻ, അജയ് കൃഷ്ണൻ എന്നിവരാണ് ചെയർമാൻ സ്ഥാനാർത്ഥികൾ. ഇതു കൂടാതെ രാഖി ജനാർദനൻ നേതൃത്വം നൽകുന്ന വോയ്സ് ഓഫ് പാരന്റ്സ് എന്ന മൂന്നംഗ പാനലും, തമിഴ് കൂട്ടായ്മയുടെ ഒരു പാനലും രംഗത്തുണ്ട്.
ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, അസി സെക്രട്ടറി, മൂന്ന് ബോർഡ് അംഗങ്ങൾ, സ്റ്റാഫ് പ്രതിനിധി, തുടർച്ചാ അംഗം, മന്ത്രാലയം പ്രതിനിധി, പ്രിൻസിപ്പൽ എന്നിങ്ങനെ 11 പേർ അടങ്ങിയതാണ് സ്കൂൾ ഭരണസമിതി. ഇതിൽ മന്ത്രാലയം അംഗം, സ്റ്റാഫ് പ്രതിനിധി, തുടർച്ചാ അംഗം, പ്രിൻസിപ്പൽ എന്നിവർ ഒഴികെ ഏഴ് പേരെയാണ് രക്ഷിതാക്കൾ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുക. ഇന്ന് വൈകുന്നേരം ഏഴ് മണി വരെ നടക്കുന്ന വോട്ടെടുപ്പിന്റെ ഒരു മണിക്കൂറിന് ശേഷം വോട്ടണ്ണെൽ തുടങ്ങും. ഷെയ്ഖ് ഇസാ ബ്ലോക്കിൽ വെച്ച് നടക്കുന്ന വോട്ടെണ്ണല്ലിൽ ആദ്യം സ്റ്റാഫ് പ്രതിനിധിയുടെ വോട്ടാണ് എണ്ണുക. ഈ രീതിയിൽ നാളെ പുലർച്ചയോടെ മാത്രമേ പൂർണായും വോട്ടുകൾ എണ്ണിതീരൂ. പതിമുന്നായിരം കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്നതിൽ പ്രധാനമായ ഭരണസമിതി തിരഞ്ഞെടുപ്പിന്റെ റിസൽട്ട് അറിയാൻ കാത്തിരിക്കുകയാണ് മത്സാരാർത്ഥികളും, പൊതുസമൂഹവും.

