പ്രവാസി ക്ഷേമ ബോർഡിന്റെ പെൻഷൻ പദ്ധതിയിൽ പ്രതീക്ഷ അർപ്പിച്ച് പ്രവാസികൾ
മനാമ : പ്രവാസി ക്ഷേമ ബോർഡിന്റെ പുതിയ പെൻഷൻ പദ്ധതിയിൽ പ്രവാസികൾക്ക് പ്രതീക്ഷ. ദീർഘകാല പ്രവാസജീവിതത്തിനു ശേഷം മടങ്ങിയെത്തുന്നവർക്ക് 5,000 മുതൽ 50,000 രൂപവരെ പ്രതിമാസം ലഭിക്കുന്ന ഡിവിഡന്റ് പെൻഷൻ പദ്ധതിക്കാണ് പ്രവാസി ക്ഷേമ ബോർഡ് രൂപം നൽകിയിട്ടുള്ളതെന്നാണ് അധികൃതർ പറയുന്നത്. പ്രവാസികൾ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുകയാണ് പെൻഷനായി നൽകുക എന്ന് ക്ഷേമ ബോർഡ് അറിയിച്ചു. അഞ്ച് ലക്ഷം മുതൽ 50 ലക്ഷം രൂപവരെ നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. ഈ തുക മൂന്ന് വർഷത്തിനകം ആറ് ഘട്ടമായോ അല്ലെങ്കിൽ ഒറ്റത്തവണയായോ നിക്ഷേപിക്കാം. നിക്ഷേപത്തുക പൂർണ്ണമായും ലഭിച്ച് മൂന്നു വർഷത്തിനു ശേഷം മാസംതോറും ഡിവിഡന്റ് നൽകും. 60,000 കോടി രൂപവരെ സമാഹരിച്ച് സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് വിനിയോഗിക്കാൻ കഴിയും വിധമാണ് കരട് തയ്യാറാക്കിയിട്ടുള്ളത്.
പദ്ധതിയുടെ കരട് സർക്കാർ അംഗീകാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ സാധാരണ പ്രവാസികൾക്ക് ഇത് എത്രത്തോളം ഉപയോഗപ്രദമാകുമെന്ന് കണ്ടറിയണം. 100 ദിനാറിൽ കുറഞ്ഞ ശന്പളമുള്ള വലിയൊരു വിഭാഗം പ്രവാസികളിൽ പലർക്കും എൻആർഐ അക്കൗണ്ട് പോലും ഇപ്പോഴും ഇല്ലെന്നതാണ് വാസ്തവം. വലിയൊരു ശതമാനം പ്രവാസികളും പ്രവാസി ക്ഷേമനിധിയിലോ പ്രവാസി ആണെന്ന് തിരിച്ചറിയാനുള്ള രേഖ പോലും സ്വന്തമാക്കിയിട്ടുമില്ല.
പ്രവാസികൾക്ക് ബാങ്കിൽ നിക്ഷേപിച്ചാൽ ലഭിക്കുന്നതിലും കൂടുതൽ ആനുകൂല്യം പദ്ധതിയിലൂടെ ലഭ്യമാക്കുമെന്നാണ് പുതിയ പെൻഷൻ പദ്ധതിയുടെ പ്രത്യേകത. നിക്ഷേപകൻ മരിച്ചാൽ നിയമപരമായ അവകാശികൾക്ക് നിക്ഷേപത്തുക തിരിച്ചുനൽകും. ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത് ജോലിചെയ്ത് തിരിച്ചെത്തുന്ന ഭൂരിഭാഗത്തിനും അവസാനകാലം ദാരിദ്ര്യവും രോഗവും മാത്രമാണ് സന്പാദ്യമെന്ന തിരിച്ചറിവിലാണ് പ്രവാസികളുടെ സന്പാദ്യം നിക്ഷേപമായി സ്വീകരിച്ചുള്ള പെൻഷൻ പദ്ധതിക്ക് രൂപംനൽകിയതെന്ന് പ്രവാസി ബോർഡ് അറിയിച്ചു.

