അദാനിക്ക് വഴിവിട്ട സഹായം; , 219 കോടി പിഴ ഒഴിവാക്കി, പിണറായി സർക്കാരിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ
ഷീബ വിജയൻ
വിഴിഞ്ഞം തുറമുഖ പദ്ധതി വൈകിപ്പിച്ചതിന് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന് നൽകേണ്ടിയിരുന്ന 219 കോടി രൂപയുടെ പിഴ പിണറായി വിജയൻ സർക്കാർ നിയമവിരുദ്ധമായി ഒഴിവാക്കിക്കൊടുത്തുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. എന്നിട്ടാണ് അവർ ഇപ്പോൾ ഈ സർക്കാരിനെതിരെ അപവാദപ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കൺസഷൻ കരാറിൽ ഭേദഗതി വരുത്തി കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടിനൽകിയത് ഇടതുപക്ഷ സർക്കാരാണെന്നും കേരളത്തിന്റെ താല്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കുന്ന തീരുമാനങ്ങൾ മാത്രമേ നിലവിലെ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ 49 ശതമാനം ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) കൈമാറാനുള്ള നിർദ്ദേശം വലിയൊരു ഇടപാടിന്റെ ഭാഗമാണെന്ന സി.പി.എമ്മിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) ഓഹരി കൈമാറ്റത്തിനായി നൽകിയ നിർദ്ദേശത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി ഇക്കാര്യം വിശദമായി പരിശോധിച്ച് വരികയാണെന്നും കേരളത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ സർക്കാർ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യഥാർത്ഥ കരാർ പ്രകാരം വിഴിഞ്ഞം പദ്ധതി 2019-ൽ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ അത് വൈകിയപ്പോൾ 2024-ൽ എങ്കിലും പൂർത്തിയാക്കേണ്ടതിന് പകരം ഇടതു സർക്കാർ കരാറിൽ ഭേദഗതി വരുത്തി അഞ്ച് വർഷത്തെ സമയം നീട്ടി നൽകുകയായിരുന്നു. ഇതിലൂടെ കൺസഷൻ കാലാവധി 40 വർഷത്തിൽ നിന്ന് 45 വർഷമായി വർദ്ധിച്ചു. പദ്ധതി വൈകിപ്പിക്കുന്നതിന് പ്രതിദിനം 12 ലക്ഷം രൂപ വീതം പിഴ നൽകണമെന്നായിരുന്നു കരാർ വ്യവസ്ഥ. ഇത് പ്രകാരം അഞ്ച് വർഷത്തെ കാലതാമസത്തിന് അദാനി കമ്പനി നൽകേണ്ടിയിരുന്ന 219 കോടി രൂപയും എൽ.ഡി.എഫ് സർക്കാർ രണ്ട് ഘട്ടങ്ങളിലായി പൂർണ്ണമായി ഒഴിവാക്കിക്കൊടുത്തു. മുൻ സർക്കാർ ചെയ്തത് എന്ത് തരം ഇടപാടായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ നടപടി വൈകുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. കേസ് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നിലവിൽ ഡി.ജി.പിയുടെ മുന്നിലാണെന്നും അത് സർക്കാരിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ കൈകളിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കയ്യിൽ കിട്ടാത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും കൂട്ടിച്ചേർത്തു.
dsdsdsfsd

