ഹമദ് രാജാവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ലായൽറ്റി പ്ലെഡ്ജ് ഒപ്പുവെച്ചു
പ്രദീപ് പുറവങ്കര
മുഹറഖ്: ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടുള്ള അചഞ്ചലമായ ഭക്തിയും ആദരവും പ്രഖ്യാപിച്ച് പ്രമുഖ സ്വകാര്യ ആരോഗ്യ പരിപാലന ശൃംഖലയായ അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ഔദ്യോഗിക 'ലായൽറ്റി പ്ലെഡ്ജ്' (Loyalty Pledge) ഒപ്പുവെക്കൽ ചടങ്ങ് സംഘടിപ്പിച്ചു. ഗ്രൂപ്പിന്റെ മുഹറഖിലുള്ള ആസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന കോർപ്പറേറ്റ് മാനേജ്‌മെന്റ് പ്രതിനിധികൾ, ഡോക്ടർമാർ, വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ബഹ്‌റൈൻ രാജ്യത്തിന്റെ പുരോഗതിക്കും ആരോഗ്യമേഖലയുടെ വളർച്ചയ്ക്കുമായി അൽ ഹിലാൽ ഗ്രൂപ്പ് നൽകുന്ന പിന്തുണയും പ്രതിബദ്ധതയും ചടങ്ങിൽ പ്രതിഫലിച്ചു. അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ശരത് ചന്ദ്രൻ, ബിസിനസ്സ് ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സി.എ. സഹൽ ജമാലുദ്ദീൻ, ജനറൽ ആൻഡ് ബാരിയാട്രിക് സർജറി കൺസൾട്ടന്റും ഗ്രൂപ്പ് മെഡിക്കൽ സർവീസസ് മേധാവിയുമായ ഡോ. ആമിർ അൽ ദെറാസി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
അൽ ഹിലാൽ ഗ്രൂപ്പിന്റെ ബഹുസ്വരതയെയും ഒരുമയെയും കുറിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ശരത് ചന്ദ്രൻ സംസാരിച്ചു. പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള 1,200-ലധികം പ്രൊഫഷണലുകൾ ഒരൊറ്റ മനസ്സോടെയാണ് ഇവിടെ ജോലി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹമദ് രാജാവിന്റെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മാർഗ്ഗനിർദ്ദേശത്തിലും ബഹ്‌റൈൻ ലോകത്തിന് കാണിച്ചുതന്ന പരസ്പര സഹവർത്തിത്വത്തിന്റെ ഉദാത്തമായ മാതൃകയിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ലായൽറ്റി പ്ലെഡ്ജ് ടീമിലെ ഓരോ അംഗത്തെയും ഒന്നിപ്പിക്കുന്ന വിശ്വസ്തതയുടെയും ഉത്തരവാദിത്തത്തിന്റെയും പ്രതീകമാണെന്ന് ബിസിനസ്സ് ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ഹമദ് രാജാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴിൽ രാജ്യത്തിന്റെ സുസ്ഥിരമായ വികസനത്തിനും പുരോഗതിക്കും ഗ്രൂപ്പ് എന്നും തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തോടുള്ള പങ്കാളിത്തത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഫിനാൻസ് മാനേജർ സി.എ. സഹൽ ജമാലുദ്ദീൻ പറഞ്ഞു. രാജാവിന്റെ കാഴ്ചപ്പാടിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് കൂടുതൽ മികച്ച പ്രവർത്തനങ്ങളിലൂടെയും സുതാര്യതയിലൂടെയും രാജ്യപുരോഗതിക്കായി അൽ ഹിലാൽ ടീം യത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ പരിപാലനം എന്നത് കേവലം ഒരു തൊഴിലല്ലെന്നും അത് മനുഷ്യജീവനോടും അന്തസ്സിനോടും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന വലിയൊരു കാരുണ്യപ്രവർത്തനമാണെന്നും ഗ്രൂപ്പ് മെഡിക്കൽ സർവീസസ് മേധാവി ഡോ. ആമിർ അൽ ദെറാസി പറഞ്ഞു. ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള മുഴുവൻ മെഡിക്കൽ സംഘവും രോഗികൾക്ക് നൽകുന്ന മികച്ച സേവനത്തിലൂടെയാണ് ഈ വിശ്വസ്തതയും ആദരവും പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മികച്ചതും രോഗീസൗഹൃദവുമായ മെഡിക്കൽ സേവനങ്ങൾ താങ്ങാനാകുന്ന നിരക്കിൽ നൽകുക എന്ന ലക്ഷ്യത്തിൽ അൽ ഹിലാൽ ഗ്രൂപ്പ് മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചടങ്ങുകൾ സമാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത് കെയർ ഗ്രൂപ്പുകളിലൊന്നായ അൽ ഹിലാൽ, തങ്ങളുടെ വിപുലമായ ആശുപത്രി ശൃംഖലകളിലൂടെയും മെഡിക്കൽ സെന്ററുകളിലൂടെയും ബഹ്‌റൈന്റെ ആരോഗ്യരംഗത്ത് നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്.
dfgdg

