ഏഷ്യൻ രാജ്യത്ത് നിന്നും മരിജുവാന കടത്താൻ ശ്രമം; വിമാനത്താവളത്തിൽ പിടിയിലായ യുവാവിന് 15 വർഷം തടവും 10,000 ദിനാർ പിഴയും


പ്രദീപ് പുറവങ്കര

മനാമ: വിപണനത്തിനായി മരിജുവാന ബഹ്‌റൈനിലേക്ക് കടത്താൻ ശ്രമിച്ച കേസിലും സ്വന്തം ഉപയോഗത്തിനായി മയക്കുമരുന്ന് സൂക്ഷിച്ച കേസിലും 30-കാരന് ഹൈ ക്രിമിനൽ കോടതി 15 വർഷം തടവും 10,000 ബഹ്‌റൈനി ദിനാർ പിഴയും ശിക്ഷ വിധിച്ചു. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത എല്ലാ ലഹരിവസ്തുക്കളും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച മറ്റ് സാമഗ്രികളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 10-നാണ് പ്രതി ഏഷ്യൻ രാജ്യത്ത് നിന്നും ഷാർജ വഴി ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. വിപണന ലക്ഷ്യത്തോടെ മരിജുവാന കടത്തിയതിന് പുറമെ, സ്വന്തം ഉപയോഗത്തിനായി ഹഷീഷ്, സൈക്കോട്രോപിക് ഇനത്തിൽപ്പെട്ട മെത്താംഫെറ്റാമൈൻ (ഐസ്) എന്നിവ കൈവശം വെച്ചതായും പ്രതിക്കെതിരെ തെളിഞ്ഞു.

ഏഷ്യൻ രാജ്യത്ത് നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകൾ എക്സ്-റേ സ്കാനിംഗിന് വിധേയമാക്കുന്നതിനിടെ അസിസ്റ്റന്റ് കസ്റ്റംസ് ഓഫീസർക്ക് തോന്നിയ സംശയമാണ് മയക്കുമരുന്ന് വേട്ടയിലേക്ക് നയിച്ചത്. സംശയാസ്പദമായ രീതിയിൽ പച്ച നിറത്തിലുള്ള വസ്തുക്കൾ സ്കാനറിൽ കണ്ടതിനെ തുടർന്ന് ഇയാളുടെ ബാഗ് വിശദമായ പരിശോധനയ്ക്കായി മാറ്റുകയായിരുന്നു.

തുടർന്ന് കസ്റ്റംസ് പരിശോധനാ വിഭാഗത്തിലെ റെഡ് ചാനലിലേക്ക് മാറ്റിയ പ്രതിയുടെ ബാഗുകൾ പരിശോധിച്ചപ്പോൾ രണ്ട് ലേഡീസ് ഹാൻഡ് ബാഗുകൾ കണ്ടെത്തി. ഇവയ്ക്കുള്ളിൽ ആറ് നൈലോൺ പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിൽ 185.8 ഗ്രാം മരിജുവാനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ലഹരി ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ചില പ്രത്യേക ഉപകരണങ്ങളും ഒപ്പം ഉണ്ടായിരുന്നു.

പ്രതി മുൻപും പലർക്കായി മരിജുവാന വിൽപ്പന നടത്തിയിട്ടുണ്ടെന്നും വിതരണത്തിനും സ്വന്തം ഉപയോഗത്തിനുമായാണ് ഇത്തവണ ലഹരിവസ്തുക്കൾ ഇറക്കുമതി ചെയ്തതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ മേജർ കോടതിയിൽ സാക്ഷ്യപ്പെടുത്തി. പിടിച്ചെടുത്ത വസ്തുക്കൾ തന്റേതാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ മയക്കുമരുന്ന് ഇടപാടുകൾ വ്യക്തമാക്കുന്ന അടയാളപ്പെടുത്തിയ ലൊക്കേഷൻ മാപ്പുകൾ, വെളുത്ത ക്രിസ്റ്റൽ രൂപത്തിലുള്ള ലഹരിവസ്തുക്കളുടെ ചിത്രങ്ങൾ, പണമിടപാട് രേഖകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed