യുവാവിന്റെ മൂക്കിൽ നിന്നും കണ്ടെത്തിയത് ജീവനുള്ള അട്ട, വിജയകരമായി പുറത്തെടുത്ത് ബഹ്‌റൈനിലെ ഡോക്ടർമാർ


പ്രദീപ് പുറവങ്കര

മനാമ: ഒൻപത് ദിവസമായി മൂക്കടപ്പും വിട്ടുമാറാത്ത രക്തസ്രാവവുമായി അവശനായ രോഗിയുടെ മൂക്കിനുള്ളിൽ നിന്ന് ജീവനുള്ള അട്ടയെ ബഹ്‌റൈനിലെ ഇ.എൻ.ടി ഡോക്ടർമാർ വിജയകരമായി പുറത്തെടുത്തു. സർക്കാർ ആശുപത്രികളുടെ ഇ.എൻ.ടി വിഭാഗം ചെയർപേഴ്‌സണും ഇ.എൻ.ടി സർജറി കൺസൾട്ടന്റുമായ ഡോ. ദീന ശബീബാണ് സമൂഹമാധ്യമങ്ങളിലൂടെ പൊതുജനാരോഗ്യ ബോധവൽക്കരണത്തിന്റെ ഭാഗമായി ഈ അപൂർവ സംഭവം പങ്കുവെച്ചത്.

വിദഗ്ധ പരിശോധനയിലാണ് രോഗിയുടെ മൂക്കിനുള്ളിൽ ജീവനുള്ള അട്ടയുള്ളതായി കണ്ടെത്തിയതെന്നും തുടർന്ന് സുരക്ഷിതമായി ഇതിനെ പുറത്തെടുക്കുകയായിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി. ശുദ്ധീകരിക്കാത്ത സ്വാഭാവിക ജലാശയങ്ങളിൽ നിന്നോ തോടുകളിൽ നിന്നോ വെള്ളം കുടിക്കുമ്പോഴോ അല്ലെങ്കിൽ അവിടെ നീന്തുമ്പോഴോ അട്ട ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന അപൂർവമായ 'ഇന്റേണൽ ഹിരുഡിനിയാസിസ്' (internal hirudiniasis) എന്ന അവസ്ഥയാണിത്. മൂക്കിനുള്ളിലെ ശ്ലേഷ്മ ചർമ്മത്തിൽ (mucous membrane) പറ്റിപ്പിടിച്ചിരിക്കുന്ന അട്ടകൾ, അവയെ പുറത്തെടുക്കുന്നത് വരെ നിരന്തരമായി രക്തം കുടിക്കുകയും ഇത് മൂക്കടപ്പിനും കടുത്ത രക്തസ്രാവത്തിനും കാരണമാവുകയും ചെയ്യും.

കൃത്യമായ രോഗനിർണ്ണയത്തിലൂടെ ലക്ഷണങ്ങൾ തിരിച്ചറിയാനും അട്ടയെ സുരക്ഷിതമായി പുറത്തെടുക്കാനും സാധിച്ചതായി ഡോ. ഷബീബ് പറഞ്ഞു. വ്യക്തമായ കാരണങ്ങളില്ലാതെ വിട്ടുമാറാത്ത മൂക്കിൽ നിന്നുള്ള രക്തസ്രാവമോ മൂക്കടപ്പോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.

പ്രത്യേകിച്ച് വിനോദയാത്രകൾ പോകുമ്പോഴും വനപ്രദേശങ്ങളിലോ പ്രകൃതിദത്ത മേഖലകളിലോ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും ഉപയോഗിക്കുന്ന ജലസ്രോതസ്സുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് അവർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം അപൂർവവും അപകടകരവുമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ മുൻകരുതലുകൾ മാത്രമാണ് ഏക പോംവഴിയെന്നും അവർ കൂട്ടിച്ചേർത്തു.

article-image

stdsr

You might also like

  • Lulu Exchange
  • Straight Forward

Most Viewed