മാർച്ച് മാസത്തിലെ സംഘർഷം: അക്രമസംഭവങ്ങളിലും നാശനഷ്ടങ്ങളിലും പങ്കാളികളായ 10 പേർക്ക് തടവുശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി


പ്രദീപ് പുറവങ്കര

മനാമ: കഴിഞ്ഞ മാർച്ച് മാസത്തിൽ ബഹ്‌റൈന് നേരെ ഉണ്ടായ ഇറാൻ അനുകൂല അക്രമസംഭവങ്ങളുടെ ഭാഗമായി രാജ്യത്ത് അക്രമങ്ങളും പൊതുമുതൽ നശിപ്പിക്കലും നടത്തിയ രണ്ട് പ്രത്യേക കേസുകളിലെ പത്ത് പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചതായി ഭീകരവിരുദ്ധ പ്രോസിക്യൂഷൻ തലവൻ അറിയിച്ചു. പ്രതികൾക്ക് അഞ്ച് വർഷം വരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. അക്രമങ്ങൾക്കായി ഉപയോഗിച്ചതും ഇവരിൽ നിന്ന് പിടിച്ചെടുത്തതുമായ എല്ലാ വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സുരക്ഷാ വിഭാഗം സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തത്. മാർച്ച് മാസത്തിലുണ്ടായ അക്രമസംഭവങ്ങളോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങളിലും നശീകരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ട പ്രതികളെ സംഭവസ്ഥലങ്ങളിൽ വെച്ച് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് ഇവരെ വിശദമായ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

പ്രതികളുടെ എല്ലാ നിയമപരമായ അവകാശങ്ങളും പ്രതിരോധ മാർഗങ്ങളും ഉറപ്പാക്കിക്കൊണ്ടാണ് പബ്ലിക് പ്രോസിക്യൂഷൻ ഊർജിതമായ അന്വേഷണം പൂർത്തിയാക്കിയത്. ചോദ്യം ചെയ്യലിന് ശേഷം ഇവരെ റിമാൻഡ് ചെയ്യുകയും ദൃക്‌സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് പുറമെ സംഭവസ്ഥലത്തുനിന്നുള്ള സാങ്കേതികവും ഫോറൻസികവുമായ തെളിവുകൾ ശേഖരിച്ച് കോടതിയിൽ സമർപ്പിച്ചു. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസുകൾ ഹൈ ക്രിമിനൽ കോടതിയിലേക്ക് മാറ്റിയതും വിശദമായ വാദങ്ങൾക്കൊടുവിൽ കോടതി വിധി പ്രസ്താവിച്ചതും.

പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലും സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലും അക്രമങ്ങളിലും നശീകരണ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു വ്യക്തമാക്കി. രാജ്യത്തിന്റെ സുസ്ഥിരതയും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഇത്തരം വിനാശകരമായ നീക്കങ്ങളെ ശക്തമായി നേരിടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

article-image

dfsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed