വനംവകുപ്പിന്റെ പൊതുമാപ്പ് പദ്ധതി; കൂടുതൽ ആനക്കൊമ്പുകളുടെ വിവരങ്ങൾ വെളിപ്പെടുത്തി മോഹൻലാൽ


ഷീബ വിജയൻ

തന്റെ പക്കൽ അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വിവരവുമായി പ്രശസ്ത നടൻ മോഹൻലാൽ രംഗത്തെത്തി. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പരാതി തീർപ്പാക്കൽ (പൊതുമാപ്പ്) പദ്ധതി പ്രയോജനപ്പെടുത്തിയാണ് താരം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇതോടെ പുതിയതായി വ്യക്തമാക്കിയ മൂന്ന് ജോഡി ആനക്കൊമ്പുകളുടെ വിവരങ്ങളും രേഖകളും ഹാജരാക്കാൻ മലയാറ്റൂർ ഡി.എഫ്.ഒ പി. കാർത്തിക് താരത്തിന് നിർദ്ദേശം നൽകി. നേരത്തെ രണ്ട് ജോഡി ആനക്കൊമ്പുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.

മുൻപ് ഈ കേസുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള നിയമനടപടികൾ നടന്നിരുന്നു. 2015-ലും 2016-ലും സംസ്ഥാന സർക്കാർ മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെക്കാൻ അനുമതി നൽകുകയും വനംവകുപ്പ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ നടപടിയിലെ വലിയ നിയമപരമായ പിഴവുകൾ ചൂണ്ടിക്കാണിച്ച് ഹൈക്കോടതി മുൻപ് നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് പൂർണ്ണമായി റദ്ദാക്കുകയാണുണ്ടായത്. ഈ നിയമപോരാട്ടങ്ങൾ തുടരുന്നതിനിടയിലാണ് വനംവകുപ്പിന്റെ പുതിയ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തി കൂടുതൽ ആനക്കൊമ്പുകളുടെ വിവരങ്ങൾ താരം വ്യക്തമാക്കിയത്.

തന്റെ പക്കലുള്ള ആനക്കൊമ്പുകളും അവയിൽ നിർമ്മിച്ച 13 ഓളം ശില്പങ്ങളും സുഹൃത്തുക്കളിൽ നിന്നും മറ്റും സമ്മാനമായി ലഭിച്ചതാണെന്നാണ് നടന്റെ പ്രാഥമിക വിശദീകരണം. എന്നാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകൾ കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ പാരമ്പര്യമായി കൈമാറി സൂക്ഷിക്കാമെന്നല്ലാതെ മറ്റുള്ളവരിൽ നിന്നും സമ്മാനമായി സ്വീകരിക്കാൻ അനുമതിയില്ല. ഇതിനാൽ തന്നെ മോഹൻലാലിന്റെ ഈ വാദങ്ങൾ നിയമപരമായി നിലനിൽക്കാൻ സാധ്യതയില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

article-image

cddfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed