വിവാദ മാർഗ്ഗരേഖയുമായി ഗുജറാത്ത് പൊലീസ്; താടിയും നിഖാബും സിഗ്നൽ ആപ്പും നിരീക്ഷണത്തിൽ


ഷീബ വിജയൻ

താടിയും നിഖാബും പെട്ടെന്ന് സ്വീകരിക്കുന്നതും സിഗ്നൽ പോലുള്ള എൻക്രിപ്റ്റഡ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതും തീവ്രവാദ ലക്ഷണങ്ങളായി കണക്കാക്കുന്ന ഗുജറാത്ത് പൊലീസിന്റെ പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്.ഒ.പി) വലിയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ‘ആന്റി റാഡിക്കലൈസേഷൻ സെല്ലിന്റെ’ ഭാഗമായി ഇന്റലിജൻസ് സൂപ്രണ്ട് പ്രഫുൽ വാനിയ ജൂൺ 15നാണ് ഈ വിവാദ മാർഗ്ഗരേഖ പുറത്തിറക്കിയത്. മുസ്‍ലിം സമുദായത്തിന്റെ മതപരമായ ആചാരങ്ങളെ മാത്രം ലക്ഷ്യമിട്ട് തയ്യാറാക്കിയ ഈ പട്ടികയിൽ സംസ്ഥാനത്ത് നടക്കുന്ന പശു സംരക്ഷണ ഗുണ്ടായിസത്തെക്കുറിച്ചോ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണികളെക്കുറിച്ചോ യാതൊരു പരാമർശവുമില്ല.

ഗുജറാത്ത് പൊലീസിന്റെ നിർവചനപ്രകാരം, തീവ്രവാദ പ്രത്യയശാസ്ത്രങ്ങളാൽ സ്വാധീനിക്കപ്പെട്ട് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ദോഷം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ജനങ്ങളിൽ ഭീതി പരത്തുകയും ചെയ്യുന്നവരാണ് 'റാഡിക്കലൈസ് ചെയ്യപ്പെട്ടവർ'. ഇവരെ കണ്ടെത്താനായി പൊലീസ് തയ്യാറാക്കിയ നിരീക്ഷണ പട്ടികയിൽ പെട്ടെന്ന് താടി വളർത്തുക, നിഖാബ് ധരിക്കുക, സംഭാഷണങ്ങളിൽ അറബി വാക്കുകൾ കൂടുതലായി ഉപയോഗിക്കുക, കുടുംബാംഗങ്ങളിൽ നിന്ന് അകന്നു കഴിയുക എന്നിവ ഉൾപ്പെടുന്നു. കൂടാതെ, വി.പി.എൻ ഉപയോഗിക്കുക, സിഗ്നൽ, എലമെന്റ് തുടങ്ങിയ എൻക്രിപ്റ്റഡ് മെസ്സഞ്ചർ ആപ്പുകൾ ഉപയോഗിക്കുക, അകാരണമായി ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുക എന്നിവയും നിരീക്ഷണ പരിധിയിലാണ്.

പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ തുടങ്ങിയ രാസവസ്തുക്കളും കൂടുതൽ എൽ.പി.ജി സിലിണ്ടറുകളും ശേഖരിക്കുന്നതും വിജനമായ പ്രദേശങ്ങൾ സന്ദർശിക്കുന്നതും സംശയാസ്പദമായ ലക്ഷണങ്ങളായി പൊലീസ് കാണുന്നു. ഇതിനൊപ്പം പള്ളികളിലെ 'ഇഅ്തികാഫ്' ഭജനമിരിക്കൽ, പെട്ടെന്ന് പഠനമോ ജോലിയോ ഉപേക്ഷിക്കൽ, അറബിക് കോളജുകളിലെ സന്ദർശനം എന്നിവയും നിരീക്ഷണ പട്ടികയിലുണ്ട്. ഈ പദ്ധതിക്ക് പിന്നിൽ ഒരു പതിറ്റാണ്ടിന്റെ ചരിത്രമുണ്ടെങ്കിലും അടുത്തിടെ തസ്തികകൾ അനുവദിച്ച് ഫണ്ട് ലഭ്യമാക്കിയതോടെയാണ് സെൽ പൂർണ്ണമായി സജ്ജമായത്. പൊലീസിന്റെ ഈ വർഗീയ പ്രൊഫൈലിങ്ങിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയെങ്കിലും ഇന്റലിജൻസ് വിഭാഗം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

article-image

asasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed