മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; ഏഴ് ഇറാനിയൻ സൈനികരും 30 സിവിലിയൻസും കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഷീബ വിജയൻ
അമേരിക്കൻ വ്യോമസേന ഇറാനിലെ തെക്കൻ മേഖലകളിൽ നടത്തിയ ആക്രമണങ്ങളിൽ 30 സിവിലിയന്മാർ കൊല്ലപ്പെടുകയും 260 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനുപുറമെ സൈനിക കേന്ദ്രത്തിന് നേരെ അമേരിക്ക തൊടുത്ത മിസൈലുകൾ പതിച്ച് ഏഴ് ഇറാനിയൻ സൈനികരും കൊല്ലപ്പെട്ടു. ഗസ്റ്റ് ഹൗസ്, താമസസ്ഥലങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു യു.എസ് ആക്രമണം.
ഈ ആക്രമണത്തിന് ഉചിതമായ രീതിയിൽ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച ഇറാൻ സൈന്യം അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി പ്രത്യാക്രമണം നടത്തി. ബഹ്‌റൈൻ, കുവൈത്ത്, ജോർദ്ദാൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. ആക്രമണത്തിൽ യു.എസ് ഫിഫ്ത്ത് ഫ്ലീറ്റിൽ വലിയ നാശനഷ്ടങ്ങൾ വരുത്താൻ കഴിഞ്ഞതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു.
അതിനിടെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള യു.എസ് ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാൻ പ്രതിനിധി യു.എന്നിൽ അറിയിച്ചു. എന്നാൽ ഇറാനെതിരായ സൈനിക നടപടികൾ തുടരുമെന്ന ശക്തമായ നിലപാടിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മേഖലയിലെ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. നിലവിൽ ഹുർമുസ് കടലിടുക്കിൽ യു.എസ് സൈന്യം ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
bffgfg

