ബഹ്റൈനിലെ ഫ്ലാറ്റിൽ കത്തിച്ചുവെച്ച മെഴുകുതിരിയിൽ നിന്ന് തീപിടിത്തം; സഹപ്രവർത്തക മരിച്ച കേസിൽ യുവതി കുറ്റസമ്മതം നടത്തി


പ്രദീപ് പുറവങ്കര

മനാമ: സ്റ്റാഫ് ക്വാർട്ടേഴ്‌സിലെ മുറിയിൽ പ്രാർത്ഥനയ്ക്ക് ശേഷം മെഴുകുതിരി കെടുത്താതെ പോയതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ സഹപ്രവർത്തക മരിച്ച കേസിൽ 21-കാരിയായ ഹോട്ടൽ റിസപ്ഷനിസ്റ്റ് കോടതിയിൽ കുറ്റസമ്മതം നടത്തി. അശ്രദ്ധ മൂലം തീപിടിത്തത്തിന് കാരണക്കാരിയായെന്നും ഒപ്പം താമസിച്ചിരുന്ന ഇന്ത്യൻ യുവതിയുടെ മരണത്തിന് താൻ ഉത്തരവാദിയാണെന്നും പ്രതിയായ യുവതി ഹൈ ക്രിമിനൽ കോടതിയിൽ ബോധിപ്പിച്ചു. തീ പടരുന്ന സമയത്ത് ശുചിമുറിക്കുള്ളിൽ കുടുങ്ങിപ്പോയ ഇന്ത്യൻ യുവതിയാണ് പുക ശ്വസിച്ചും പൊള്ളലേറ്റും ദാരുണമായി മരണപ്പെട്ടത്.

കഴിഞ്ഞ ഫെബ്രുവരി 23-നാണ് റിസപ്ഷനിസ്റ്റ് ജോലിക്കായി ഇവർ ബഹ്‌റൈനിൽ എത്തിയത്. മാർച്ച് 20-ന് രാവിലെ 11 മണിയോടെ, മൂന്ന് പേർക്കൊപ്പം പങ്കിട്ട കിടപ്പുമുറിയിലെ ചെറിയ തടിയുടെ മേശപ്പുറത്ത് ഇവർ മെഴുകുതിരി കത്തിച്ചുവെച്ചു. പ്രാർത്ഥനയുടെ ഭാഗമായി പകൽ മുഴുവൻ മെഴുകുതിരി കത്തിച്ചുവെക്കുന്നത് പതിവാണെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മുറിയിൽ നിന്ന് പോകുന്നതിന് തൊട്ടുമുമ്പ് മെഴുകുതിരിയുടെ ചിത്രം പകർത്തി ഇവർ നാട്ടിലുള്ള അമ്മയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ഉച്ചയ്ക്ക് 12 മണിയോടെ മെഴുകുതിരി അണയ്ക്കാതെ യുവതി കുളിക്കാൻ പോയി. ഈ സമയം മരണപ്പെട്ട ഇന്ത്യൻ യുവതി കിടപ്പുമുറിയിലേക്ക് പ്രവേശിച്ചു. തുടർന്ന് കുളി കഴിഞ്ഞ് ഇറങ്ങിയ പ്രതിയായ യുവതി മറ്റൊരു റൂംമേറ്റിനൊപ്പം ലിവിങ് റൂമിൽ ഇരുന്ന് ടെലിവിഷൻ കാണുകയായിരുന്നു.

ഉച്ചയ്ക്ക് ഏകദേശം 2.15 ഓടെ, കിടപ്പുമുറിയിൽ തീപിടിച്ചെന്നും താൻ ശുചിമുറിക്കുള്ളിൽ കുടുങ്ങിപ്പോയെന്നും കാണിച്ച് അകത്തുണ്ടായിരുന്ന ഇന്ത്യൻ യുവതി ഒപ്പമുള്ള മറ്റ് റൂംമേറ്റുകളെ ഫോണിൽ വിളിച്ച് പരിഭ്രാന്തിയോടെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് യുവതികൾ കിടപ്പുമുറിയിലേക്ക് ഓടിയെത്തിയെങ്കിലും മുറി പൂർണ്ണമായും പുകയാൽ നിറയുകയും കിടക്കയിലേക്ക് തീ പടരുകയും ചെയ്തിരുന്നു. ചൂടും പുകയും കനത്തതിനാൽ അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും രക്ഷിക്കാനായുള്ള കൂട്ടുകാരിയുടെ നിലവിളി കേട്ട് വാതിക്കൽ എന്തുചെയ്യണമെന്നറിയാതെ നിന്നുപോയെന്നും പ്രതി ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

തുടർന്ന് റൂംമേറ്റുകളിൽ ഒരാൾ കെട്ടിടത്തിലെ സെക്യൂരിറ്റിയെ വിവരമറിയിക്കുകയും മറ്റുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയും ചെയ്തു. ഉച്ചയ്ക്ക് 2.20 ഓടെ ഫ്ലാറ്റിൽ ഫയർ അലാറം മുഴങ്ങിയതായി സെക്യൂരിറ്റി ജീവനക്കാരൻ കോടതിയിൽ സാക്ഷ്യപ്പെടുത്തി. അഞ്ചാം നിലയിലെത്തിയപ്പോഴാണ് തീപിടിച്ച അപ്പാർട്ട്മെന്റിന് പുറത്ത് മൂന്ന് യുവതികളെ കണ്ടെത്തിയതെന്നും ഇവർ നൽകിയ വിവരമനുസരിച്ച് ഉടൻ തന്നെ സിവിൽ ഡിഫൻസിനെ വിവരമറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.

കേസുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പഠിക്കുന്നതിനും വാദങ്ങൾ തയ്യാറാക്കുന്നതിനും പ്രതിഭാഗം അഭിഭാഷകർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് ജൂലൈ 20-ലേക്ക് കോടതി മാറ്റിവെച്ചു.

article-image

sasf

You might also like

  • Lulu Exchange
  • Straight Forward

Most Viewed