കുവൈത്ത് ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ അഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ്
പ്രദീപ് പുറവങ്കര
മനാമ: ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയ കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണവും ഏകോപനവും കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൂടിക്കാഴ്ച.
കുവൈത്ത് മന്ത്രിയെ ബഹ്‌റൈനിലേക്ക് സ്വാഗതം ചെയ്ത ജനറൽ ഷെയ്ഖ് റാഷിദ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സഹോദരതുല്യവുമായ ബന്ധത്തെ എടുത്തുപറഞ്ഞു. പൊതുവായ താൽപ്പര്യങ്ങളിലും സമാനമായ കാഴ്ചപ്പാടുകളിലുമാണ് ഈ ബന്ധം കെട്ടിപ്പടുത്തിരിക്കുന്നത്. കുവൈത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം കൈക്കൊള്ളുന്ന എല്ലാ സുരക്ഷാ നടപടികൾക്കും ബഹ്‌റൈന്റെ പൂർണ്ണ പിന്തുണ അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
ബഹ്‌റൈന്റെ സുരക്ഷാ നടപടികൾക്ക് കുവൈത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഷെയ്ഖ് ഫഹദ് ഉറപ്പുനൽകി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും വെല്ലുവിളിയാകുന്ന ഏത് നീക്കങ്ങൾക്കെതിരെയും ബഹ്‌റൈനൊപ്പം കുവൈത്ത് നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ പ്രതിഫലനമാണ് കുവൈത്തിന്റെ ഈ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശികവും അന്തർദേശീയവുമായ പുതിയ സുരക്ഷാ സാഹചര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന് സംയുക്ത ഗൾഫ് സുരക്ഷാ സഹകരണം കൂടുതൽ ഊർജിതമാക്കേണ്ടതിന്റെ ആവശ്യകത കൂടിക്കാഴ്ചയിൽ പങ്കുവെച്ചു.
fsd

