ഇറാന്റെ റവല്യൂഷണറി ഗാർഡിനായി ചാരവൃത്തി; ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി
പ്രദീപ് പുറവങ്കര
മനാമ: ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന് (IRGC) വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് പ്രത്യേക കേസുകളിലായി മൂന്ന് പേർക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായി ഭീകരവിരുദ്ധ പ്രോസിക്യൂഷൻ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകും വിധം വിദേശ ശക്തികൾക്കായി വിവരങ്ങൾ ചോർത്തി നൽകിയതിനാണ് ശിക്ഷ.
ഒന്നാമത്തെ കേസിൽ, ഒളിവിൽ കഴിയുന്ന റവല്യൂഷണറി ഗാർഡ് ഏജന്റ് ബഹ്‌റൈൻ സ്വദേശിയായ ഒരാളെ ചാരവൃത്തിക്കായി നിയോഗിക്കുകയായിരുന്നു. ഇറാന്റെ ഭാവി ആക്രമണങ്ങൾ ലക്ഷ്യമിട്ട് രാജ്യത്തെ അതീവ സുപ്രധാനവും തന്ത്രപ്രധാനവുമായ ദേശീയ സ്ഥാപനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ഇയാളെ ചുമതലപ്പെടുത്തിയിരുന്നത്.
രണ്ടാമത്തെ കേസിൽ, മറ്റൊരു പ്രതി റവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഓൺലൈൻ അക്കൗണ്ട് വഴി സ്വമേധയാ ബന്ധപ്പെടുകയായിരുന്നു. ബഹ്‌റൈനിലെ വിവിധ സ്ഥാപനങ്ങൾക്ക് നേരെ മുൻപ് നടന്ന ഇറാൻ അനുകൂല ആക്രമണങ്ങളുടെ ദൃശ്യങ്ങൾ കൈമാറിയ ഇയാൾ, ഭാവിയിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടുള്ള സുപ്രധാന സ്ഥലങ്ങളുടെ കൃത്യമായ ജി.പി.എസ് കോർഡിനേറ്റുകളും ഇറാന് ചോർത്തി നൽകി.
ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ചയുടൻ പബ്ലിക് പ്രോസിക്യൂഷൻ ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്യുകയും സാക്ഷിമൊഴികൾ രേഖപ്പെടുത്തുകയും ചെയ്തതിനൊപ്പം, പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് വിശദമായ വിശകലനത്തിന് വിധേയമാക്കുകയും ചെയ്തു. പ്രതിഭാഗം അഭിഭാഷകരുടെ സാന്നിധ്യം ഉൾപ്പെടെയുള്ള എല്ലാ നിയമപരമായ അവകാശങ്ങളും ഉറപ്പാക്കിക്കൊണ്ട് രണ്ട് കേസുകളിലും പ്രത്യേകമായാണ് കോടതി വിചാരണ പൂർത്തിയാക്കിയത്.
ശത്രുരാജ്യങ്ങൾക്കായി ചാരവൃത്തി നടത്തുന്നത് ദേശീയ സുരക്ഷയ്ക്ക് നേരെയുള്ള ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നിയമനടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
drdy

