വൈ­ദ്യു­തി­ ലാ­ഭി­ക്കാൻ നെ­ട്ടോ­ട്ടമോ­ടി­ പ്രവാ­സി­കൾ


രാജീവ് വെള്ളിക്കോത്ത്

മനാമ : കൂടിയ വൈദ്യുതി ചാർജ്ജിൽ നട്ടം തിരിഞ്ഞ് പ്രവാസികൾ. വൈദ്യുതി ഉപയോഗത്തിൽ കുറവു വരുത്തുന്നതിന്റെ ഭാഗമായി എനർജി സേവിംഗ് ലേബലുകൾ ഉള്ള എയർകണ്ടീഷൻ ഉപയോഗിക്കാൻ നിർബന്ധിതമായിരിക്കുകയാണ് രാജ്യത്തുള്ളവർ. പുതിയ കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും അനുമതി നൽകുന്പോൾ ഉപയോഗിക്കുന്ന എയർ കണ്ടീഷനുകൾക്ക് എനർജി സേവിംഗ് ലേബലുകൾ നിർബന്ധമാക്കിയതിനാൽ എയർകണ്ടീഷൻ രംഗത്തെ സെക്കന്റ്ഹാൻഡ് വിപണിയിൽ ഇത് തകർച്ചക്കിടയാക്കിയിട്ടുമുണ്ട്. രാജ്യത്ത് വൈദ്യുതി നിരക്കിലുണ്ടായ വർദ്ധനവിനെ തുടർന്നാണ് സാധാരണക്കാർ പോലും കുറഞ്ഞ അളവിൽ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന എനർജി സേവിംഗ് ലേബലുകളുള്ള എയർ കണ്ടീഷനുകൾ വാങ്ങുന്നതിലേയ്ക്ക് ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയിരിക്കുന്നത്.

ഇത്തരത്തിൽ വൈദ്യുതി ലാഭിക്കാം എന്നതുകൊണ്ട് എനർജി സേവിംഗ് എയർ കണ്ടീഷനുകൾ തേടി ആവശ്യക്കാർ എത്തി തുടങ്ങിയതായി പ്രമുഖ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു. ഫ്ളാറ്റുകൾ വാടകയ്ക്കു എടുക്കുന്നവരിൽ പലരും ഇപ്പോൾ പഴയ എയർ കണ്ടീഷനുകൾ ഒഴിവാക്കി എനർജി സേവിംഗ് എയർ കണ്ടീഷനുകൾ സ്ഥാപിക്കാനാണ് പരമാവധി ശ്രമിക്കുന്നത്. താമസം മാറുന്നവരിൽ പലരും എയർകണ്ടീഷനുകൾ എനർജി സേവിംഗ് ഉള്ളതാണോ എന്ന് പരിശോധിക്കുന്ന തരത്തിലേയ്ക്കും കാര്യങ്ങൾ എത്തിയിട്ടുണ്ട്.

എനർജി സേവിംഗ് എയർ കണ്ടീഷനുകൾ പുതിയവ വാങ്ങുന്പോൾ വില കൂടുമെങ്കിലും വൈദുതി നിരക്കിന്റെ കാര്യത്തിൽ 40 ശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്നത് ഭാവിയിൽ ഗുണം ചെയ്യുമെന്നതിനാൽ രണ്ടാമതൊന്ന് ആലോചിക്കാതെ പുതിയ എയർ കണ്ടീഷനുകൾ വാങ്ങുന്നതിന് സാധാരണക്കാർ പോലും തയ്യാറാകുകയാണ്. ചൂട് അസഹ്യമായതോടെ ഓഫീസുകളിലും താമസ സ്ഥലങ്ങളിലും മുഴുവൻ സമയവും എയർ കണ്ടീഷനുകൾ പ്രവർത്തിക്കുന്ന പ്രവണതയും ഇവിടങ്ങളിൽ എനർജി സേവിംഗ് എയർ കണ്ടീഷനുകൾ നിർബന്ധമാക്കുന്നു.

2030 ആകുന്പോഴേയ്ക്കും വൈദ്യുതി ഉപയോഗം 20 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈദ്യുതി −ജല അതോറിറ്റി വകുപ്പ് എനർജി എഫിഷ്യൻസി പ്രോഗ്രാം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. അതിന്റെ ഭാഗമായി രാജ്യത്തെ പൊതു മേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കേണ്ടുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. വയറിംഗ്, ഇൻസുലേഷൻ മികച്ച രീതിയിലുള്ളത് തെരഞ്ഞെടുക്കുക, എൽഇഡി ബൾബുകൾ പരമാവധി ഉപയോഗിക്കുക, എയർ കണ്ടീഷനുകൾ അംഗീകരിച്ച ലേബലിംഗ് ഉള്ളത് മാത്രം തെരഞ്ഞെടുക്കുക തുടങ്ങിയവയാണ് ഇതിനായുള്ള നിർദ്ദേശങ്ങൾ.

അതിൽ കൂടിയ അളവിൽ വൈദ്യുതി ഉപയോഗിക്കപ്പെടുന്നതും ചൂടുകാലത്തു മുഴുവൻസമയം പ്രവർത്തിപ്പിക്കേണ്ടിയും വരുന്ന എയർകണ്ടീഷനുകളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്. അതിനായി എയർ കണ്ടീഷനുകൾക്ക് സ്റ്റാർ മാർക്കുകൾ ആണ് അധികൃതർ അംഗീകാരമായി നൽകുന്നത്.

ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് മന്ത്രാലയം ആണ് എയർകണ്ടീഷനുകൾക്കു എഫിഷ്യൻസി കോഡുകൾ നൽകിവരുന്നത്. വിൻഡോ,സ്പ്ലിറ്റ്, സെൻട്രലൈസ് എയർ കണ്ടീഷനുകൾക്കെല്ലാം അവയുടെ ഗുണ നിലവാരം പരിശോധിച്ച് സ്റ്റാർ മാർക്കുകൾ നൽകി വരുന്നു.കൂടിയ സ്റ്റാർ ഉള്ളവ കൂടിയ അളവിൽ വൈദ്യുതി ലാഭിക്കുന്നവയാണ്. ഒന്ന് മുതൽ ആറു വരെയാണ്  സ്റ്റാറുകൾ എനർജി എഫിഷ്യൻസി റേഷിയോ (Energy Efficiency Ratio(EER). ആയി നൽകുന്നത്. 1.5 ടൺ സ്പ്ലിറ്റ് എയർകണ്ടീഷനുകളുടെ കൂളിങ് കപ്പാസിറ്റി മണിക്കൂറിൽ  18000 BTU(ബ്രിട്ടീഷ് തെർമൽ യൂണിറ്റ്)ആണെന്ന് കണക്കാക്കുന്നു. അതായത് 5.27 കിലോ വാട്സ്. ഒരു സ്റ്റാർ നൽകിയിട്ടുള്ള എയർകണ്ടീഷ്ണറുടെ വൈദ്യുതി ഉപയോഗം 2400 യൂണിറ്റ് ആയിരിക്കും. 6 സ്റ്റാറുകൾ നൽകിയിട്ടുള്ള എയർകണ്ടീഷനുകളിലെ വൈദ്യുതി ഉപയോഗം പരമാവധി 1750 യൂണിറ്റുമാണ്. സ്റ്റാർ പദവി കൂടിയ ഉപകരണങ്ങളുടെ വൈദ്യുതി ഉപയോഗം വളരെ കുറയുന്നതിനാൽ കൂടിയ വൈദ്യുതി നിരക്കിനെ പ്രതിരോധിക്കാൻ ഏറ്റവും മികച്ചത് 6 സ്റ്റാർ വരെയുള്ളതാണെന്നും അധികൃതർ പറയുന്നു. എന്നാൽ വിൻഡോ എസികൾക്ക് 4 സ്റ്റാർ മാത്രമേ ലഭ്യമാവുന്നുള്ളൂ എന്നും ഈ മേഖലയിലെ വിദഗ്ദ്ധർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed