ഗോപിനാഥ് മുതുകാട് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും
മനാമ : മനാമ കാനു ഗാർഡൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭം കുറിക്കലും സപ്തംബർ 21 മുതൽ ഒന്പത് ദിവസം വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ നാല് വർഷമായി വളരെ മികച്ചരീതിയിൽ കൊണ്ടാടുന്ന നവരാത്രി ആഘോഷത്തിനും വിദ്യാരംഭത്തിനും മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്ന് പോലും ആളുകൾ എത്തിച്ചേരുന്നുണ്ടെന്നും അത് കൊണ്ട് തന്നെ ഈ വർഷവും പൂർവാധികം ഭംഗിയായി നടത്തുവാനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. സപ്തംബർ 21ന് വൈകീട്ട് തുടക്കം കുറിക്കുന്ന നവരാത്രി ആഘോഷ പരിപാടികൾ ഗുരുദേവ ആസ്‌ഥാനത്ത് സ്പാക്ക് ചെയർമാൻ പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
എല്ലാ ദിവസവും വൈകീട്ട് 7.30 മുതൽ പ്രാർത്ഥനയും വിശേഷാൽ പൂജകളും ഉണ്ടാകും. സപ്തംബർ 30ന് വിജയദശമി നാളിൽ രാവിലെ 4.30 മുതൽ പ്രശസ്ത മജീഷ്യനും കുട്ടികളുടെ പ്രിയങ്കരനുമായ ഗോപിനാഥ് മുതുകാട് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും. മഹാനവമി ദിനമായ 29നു വൈകീട്ട് 7.30 മുതൽ മുതുകാടുമായുള്ള സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാരംഭം കുറിക്കാനാഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ മുൻകൂറായി പേര് രജിസ്റ്റർ ചെയ്യുന്നതിന് എസ്. ജോസ് കുമാർ (34068033), പി. ശശിധരൻ (39275221), ബിനു രാജ് (3656099) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വാർത്താസമ്മേളനത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ ചന്ദ്രബോസ്, ജനറൽ സെക്രട്ടറി പി. ശശിധരൻ, ഭാരവാഹികളായ വി.എൻ ഭദ്രൻ, ബിനു രാജ്, രത്ന സ്വാമി, രഞ്ജിത്ത്, അജികുമാർ, കെ. സതീഷ് കുമാർ, എം.വി രവി, എസ്. ജോസ് കുമാർ എന്നിർ സംബന്ധിച്ചു.

