ചരിത്ര മത്സരത്തിൽ ജപ്പാൻ കരുത്ത്; ആദ്യ പകുതിയിൽ ടുണീഷ്യയെ തകർത്ത് ഏഷ്യൻ പട
ഷീബ വിജയൻ
ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ആയിരമത്തെ മത്സരമെന്ന സവിശേഷതയോടെ ഇറങ്ങിയ പോരാട്ടത്തിൽ ടുണീഷ്യക്കെതിരെ ഏഷ്യൻ കരുത്തരായ ജപ്പാന് തകർപ്പൻ തുടക്കം. ഗ്രൂപ്പ് എഫിലെ നിർണായക പോരാട്ടത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജപ്പാൻ മുന്നിലാണ്. ഡെയ്ച്ചി കമഡ (4'), അയാസെ ഉവേദ (31') എന്നിവരാണ് ആദ്യ പകുതിയിൽ ജപ്പാനായി വലകുലുക്കിയത്. മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ തന്നെ കെയ്റ്റോ നകാമുറയുടെ മികച്ചൊരു പാസിൽ നിന്ന് ക്ലോസ് റേഞ്ച് ഫിനിഷിലൂടെ ഡെയ്ച്ചി കമഡയാണ് ജപ്പാന്റെ ആദ്യ ഗോൾ നേടിയത്. തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതോടെ ടുണീഷ്യ കടുത്ത സമ്മർദ്ദത്തിലായി.
മറുവശത്ത് ലീഡ് നേടിയതിന്റെ ആത്മവിശ്വാസത്തിൽ ജപ്പാൻ ആക്രമണം കടുപ്പിച്ചു. മുപ്പത്തിയൊന്നാം മിനിറ്റിൽ അവർ തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി. കോ ഇറ്റാകൂറ ഒരുക്കിയ മികച്ചൊരു പ്രത്യാക്രമണത്തിനൊടുവിൽ അയാസെ ഉവേദയാണ് ജപ്പാന്റെ രണ്ടാമത്തെ ഗോൾ കണ്ടെത്തിയത്. പന്തടക്കത്തിലും ആക്രമണത്തിലും ടുണീഷ്യയെ വെറും കാഴ്ചക്കാരാക്കുന്ന പ്രകടനമാണ് ആദ്യ പകുതിയിൽ ജപ്പാൻ പുറത്തെടുത്തത്. ഹാനിബാൾ മജ്ബ്രിയിലൂടെ ചില മുന്നേറ്റങ്ങൾ ടുണീഷ്യ നടത്തിയെങ്കിലും അതൊന്നും ജപ്പാൻ ഗോളി സിയോൺ സുസുകിക്ക് ഭീഷണിയായില്ല. ആദ്യ മത്സരത്തിൽ കരുത്തരായ നെതർലാൻഡ്‌സിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്തി സമനില (2-2) പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ജപ്പാൻ വന്നിരിക്കുന്നത്. മറുവശത്ത്, തങ്ങളുടെ ആദ്യ കളിയിൽ സ്വീഡനോട് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് (5-1) കനത്ത തോൽവി ഏറ്റുവാങ്ങിയ ടുണീഷ്യയ്ക്ക് ടൂർണമെന്റിൽ നിലനിൽക്കാൻ ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.
saddsasddes

