പാ­ർ­ക്കിംഗ് പ്രശ്നം കനത്ത വാ­ടക, വൈ­ദ്യു­തി­ബി­ൽ : പ്രവാ­സി­കൾ ഉൾപ്രദേ­ശങ്ങളി­ലേ­യ്ക്ക് ചേ­ക്കേ­റു­ന്നു­


മനാമ : നഗരങ്ങളിലെ പാർക്കിംഗ് പ്രശ്നവും കൂടിയ വാടകയും അടുത്തകാലത്ത് ഉയർത്തിയ വൈദ്യുത ചാർജ്ജും പല പ്രവാസികളയും താരതമ്യേന നിരക്ക് കുറഞ്ഞ ഉൾനാടൻ പ്രദേശങ്ങളിലേയ്ക്ക് താമസം മാറ്റാൻ നിർബന്ധിതരാക്കുന്നു. ബഹ്‌റൈനിലെ നഗര പ്രദേശങ്ങളെ അപേക്ഷിച്ച് ഇത്തരം പ്രദേശങ്ങളിൽ വാടകക്കുറവുണ്ട് എന്നുള്ളത് തന്നെയാണ് പ്രധാന കാരണമായി പ്രവാസികൾ പറയുന്നത്. വാടക പലയിടത്തും ഉയർത്തിയിട്ടില്ലെങ്കിലും വാടകയ്ക്ക് ആനുപാതികമായി അടുത്ത കാലത്തുണ്ടായിട്ടുള്ള വൈദ്യുതി നിരക്ക് വർദ്ധനവാണ് വീടുകൾ മാറുന്നതിന് പല കുടുംബങ്ങളെയും നിർബന്ധിതരാക്കിയിട്ടുള്ളത്. 

മനാമ, ഗുദൈബിയ, ഹൂറ, സെഗയ്യ, ഉമ്മൽ ഹസം, മാഹൂസ്, സൽമാനിയ ഭാഗങ്ങളിൽ മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വാടക കൂടുതലാണ്. എല്ലായിടത്തേയ്ക്കും എത്തിച്ചേരാനുള്ള സൗകര്യം, മലയാളികളുടെ ഇഷ്ട സങ്കേതങ്ങളായ ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, നല്ല ഭക്ഷണശാലകൾ തുടങ്ങിയവ ഉള്ളത് കൊണ്ടും മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലം എന്നതുകൊണ്ടും ഇടത്തരക്കാരായ പ്രവാസി മലായാളികൾ ഈ പ്രദേശങ്ങളാണ് പൊതുവെ തെരെഞ്ഞെടുത്തിരുന്നത്. സ്വന്തമായി വാഹനങ്ങൾ ഉള്ളവരും ജോലി ചെയ്യുന്ന സ്ഥാപനം ശന്പളത്തിന് പുറമെ റൂംവാടക നൽകുന്നവരും, കന്പനി ഉടമകൾ തുടങ്ങിയവരും ദൂര സ്ഥലങ്ങളും മികച്ച വില്ലകളും തെരഞ്ഞെടുക്കുന്നു. എന്നാൽ ഇപ്പോൾ പല സ്ഥലങ്ങളിലും വാടകയ്‌ക്കൊപ്പം ഉയർന്ന വൈദ്യുത ചാർജ്ജ് വന്നതോടെ ഇടത്തരക്കാർക്ക് ഇത്തരം പ്രദേശങ്ങളിൽ താമസിക്കാൻ വയ്യാത്ത അവസ്ഥയാണ്‌ സംജാതമായിട്ടുള്ളത്. മുന്പ് മാലയാളികൾ താമസിക്കാൻ ഇഷ്ടപ്പെടാതിരുന്ന പല പ്രദേശങ്ങളിലും ഇപ്പോൾ താമസ സ്ഥലങ്ങൾ അന്വേഷിച്ചുകൊണ്ട് മലയാളികൾ എത്തിത്തുടങ്ങിയതായി അപ്പാർട്ട്മെന്റ് ബിസിനസ് നടത്തുന്ന തൃശൂർ സ്വദേശി ഫോർ പിഎം ന്യൂസിനോട് പറഞ്ഞു. വാടകക്കാർ ആരും ഇല്ലാതെ കിടന്നിരുന്ന പല കെട്ടിടങ്ങൾക്കും ഇപ്പോൾ ആവശ്യക്കാർ വന്നു തുടങ്ങിയതായി ഇദ്ദേഹം പറയുന്നു.

മുന്പ് പ്രശ്ന ബാധിത പ്രദേശങ്ങൾ ആയിരുന്ന പല പ്രദേശങ്ങളും ഇപ്പോൾ സാധാരണ നിലയിലായതിനാൽ ഇവിടങ്ങളിലെ കെട്ടിടങ്ങൾ താമസ യോഗ്യമാക്കി വാടകയ്ക്ക് നൽകാൻ പ്രദേശവാസികൾ തയ്യാറാകുന്നുണ്ട്. കമ്മീസിന്റെ ഉൾപ്രദേശങ്ങൾ, നബി സല, ബുദയ്യ റോഡ്, സീഫ്, നുവൈദറത്ത്, സനാബീസ്, തഷൻ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇപ്പോൾ വാടക നിരക്കിൽ ഇളവുണ്ട്. മുന്പ് 400 ദിനാറിന് മുകളിൽ വാടക ഈടാക്കിയിരുന്ന ഈ പ്രദേശങ്ങളിലെ പല ഫ്‌ളാറ്റുകളിലെ താമസക്കാരും 2011ൽ ഉണ്ടായ കലാപത്തെ തുടർന്ന് ഒഴിഞ്ഞു പോവുകയും കെട്ടിടങ്ങൾ പലതും താമസിക്കാൻ ആളില്ലാത്ത അവസ്ഥയിലുമായിരുന്നു. എന്നാൽ അടുത്ത കാലത്ത് ഈ പ്രദേശങ്ങളിൽ എല്ലാം സംഘർഷങ്ങൾ കുറയുകയും പ്രദേശങ്ങളിലേയ്ക്കുള്ള ഗതാഗത സൗകര്യങ്ങളടക്കം സുഗമമാകുകയും ചെയ്തു. ബുദയ്യ അടക്കമുള്ള പ്രദേശങ്ങളിലെ ഫ്ളാറ്റുകൾ അടക്കം ഇപ്പോൾ മലയാളികൾ ചേക്കേറാൻ തുടങ്ങി. രണ്ടും മൂന്നും ബെഡ്റൂം സൗകര്യങ്ങൾ ഉള്ള നിരവധി ഫ്‌ളാറ്റുകൾ 200 ദിനാറിൽ ഈ പ്രദേശങ്ങളിൽ ഇപ്പോഴും ലഭ്യമാണ്. ഒരു മലയാളി കുടുംബം ഇത്തരം ഫ്‌ളാറ്റുകളിൽ താമസിക്കാൻ എത്തിയാൽ തന്നെ അതിനു പിറകെ ഒന്നൊന്നായി എത്തുന്ന കാഴ്ചയാണ് ഇവിടങ്ങളിൽ കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ വളരെ നല്ല സഹകരണമാണ് ഇവിടെയുള്ള കെട്ടിട ഉടമകളും നൽകിപ്പോരുന്നത്.

തിരക്കേറിയ പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ ഈ പ്രദേശങ്ങളിൽ ഇല്ല എന്നത് ഇവിടെ എത്തുന്നവർക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാൽ മലയാളികൾ അടക്കമുള്ള പ്രവാസികൾ ഇത്തരം പ്രദേശങ്ങളിൽ താമസിക്കാൻ എത്തുന്നതോടെ ഇവിടങ്ങളിലെ വാടക നിരക്ക് കൂട്ടിയേക്കുമോ എന്നുള്ള ആശങ്കയിലാണ് ഈ പ്രദേശങ്ങളിലെ മറ്റു താമസക്കാർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed