ഭക്ഷ്യസുരക്ഷാ തട്ടിപ്പ്: കമ്പനി മാനേജർക്ക് മൂന്ന് വർഷം തടവും 10,000 ദിനാർ പിഴയും; മൂന്ന് തൊഴിലാളികളെ നാടുകടത്തും
പ്രദീപ് പുറവങ്കര
മനാമ: കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപന്നങ്ങളിൽ പുതിയ ലേബലുകൾ ഒട്ടിച്ച് വീണ്ടും വിൽപന നടത്താൻ ശ്രമിച്ച വൻ ഭക്ഷ്യസുരക്ഷാ തട്ടിപ്പ് കേസിൽ നാല് പേർക്ക് ബഹ്റൈൻ ലോവർ ക്രിമിനൽ കോടതി കഠിനശിക്ഷ വിധിച്ചു. തട്ടിപ്പിന് നേതൃത്വം നൽകിയ കമ്പനിയുടെ ആക്ടിങ് മാനേജർക്ക് മൂന്ന് വർഷം തടവും 10,000 ബഹ്റൈനി ദിനാർ (BD 10,000) പിഴയുമാണ് കോടതി ചുമത്തിയത്. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് തൊഴിലാളികൾക്ക് ഒരു വർഷം വീതം തടവ് ശിക്ഷ വിധിച്ച കോടതി, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും ഉത്തരവിട്ടു.
തട്ടിപ്പ് നടന്ന സ്ഥാപനം ആറ് മാസത്തേക്ക് അടച്ചുപൂട്ടാനും, പിടിച്ചെടുത്ത വ്യാജ ഉൽപന്നങ്ങളും കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഉപകരണങ്ങളും പൂർണ്ണമായി നശിപ്പിച്ചു കളയാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ കാലാവധി (Expiry Date) തിരുത്തുന്നതായി വ്യവസായ വാണിജ്യ മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. പിന്നീട് അധികൃതർ നടത്തിയ പരിശോധനയിൽ കേടായതും ഗുണനിലവാരമില്ലാത്തതുമായ വൻ ഭക്ഷ്യശേഖരം പിടിച്ചെടുക്കുകയും തട്ടിപ്പ് സ്ഥിരീകരിക്കുകയുമായിരുന്നു.
പൊതുജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതും ജീവന് ഭീഷണിയുയർത്തുന്നതുമായ ഇത്തരം ഭക്ഷ്യ സുരക്ഷാ ലംഘനങ്ങൾക്കെതിരെ രാജ്യം കർശനമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
asfsdf

