നോക്കൗട്ട് സ്വപ്നവുമായി എംബാപ്പെയും സംഘവും; ഫ്രാൻസിന് നാളെ ഇറാഖുമായി പോരാട്ടം
ഷീബ വിജയൻ
ഫിലഡെൽഫിയ (യു.എസ്): ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഐ-യിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിന് നാളെ രണ്ടാം അങ്കം. ഇന്ത്യൻ സമയം ചൊവ്വാഴ്ച വെളുപ്പിന് 2.30ന് യുഎസിലെ പ്രശസ്തമായ ഫിലഡെൽഫിയ സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ മത്സരത്തിൽ കരുത്തരായ ഫ്രാൻസിന്റെ എതിരാളികൾ ഇറാഖാണ്. ആദ്യ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ സെനഗാളിനെ 3-1 എന്ന സ്കോറിന് തകർത്തുവിട്ട് തുടങ്ങിയ ഫ്രഞ്ച് പടയ്ക്ക് നാളത്തെ മത്സരത്തിൽ ജയം ആവർത്തിക്കാൻ സാധിച്ചാൽ ഗ്രൂപ്പിൽനിന്ന് റൗണ്ട് ഓഫ് 32ൽ എത്തുന്ന ആദ്യ ടീമായി അവർക്ക് മാറാം. അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലാദ്യമായാണ് ഫ്രാൻസും ഇറാഖും ഒരു ഫുട്ബോൾ മൈതാനത്ത് മുഖാമുഖം വരുന്നത് എന്ന വലിയ പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഫിഫ റാങ്കിങ്ങിൽ നിലവിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഫ്രാൻസും 57-ാം സ്ഥാനത്ത് നിൽക്കുന്ന ഇറാഖും തമ്മിലുള്ള കളിയുടെ ഫലമെന്താവുമെന്ന കാര്യത്തിൽ ആരാധകർക്കോ ഫുട്ബോൾ വിദഗ്ദ്ധർക്കോ വലിയ രണ്ടുപക്ഷമില്ല. ആദ്യ മത്സരത്തിൽ നോർവേയോട് 1-4ന്റെ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഇറാഖികൾക്ക് ടൂർണമെന്റിൽ തങ്ങളുടെ നിലനിൽപ്പ് നിലനിർത്താനുള്ള ജീവനമരണ പോരാട്ടം കൂടിയാണിത് നാളത്തേത്.
ലോക ഫുട്ബോളിലെ സൂപ്പർ താരം കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രഞ്ച് നിര നിലവിൽ അതിശക്തരാണ്. ആദ്യ മത്സരത്തിൽ തകർപ്പൻ ഇരട്ട ഗോൾ നേടിയ എംബാപ്പെ കരിയറിലെ തന്നെ മികച്ച ഫോമിലാണ് നിൽക്കുന്നത്. മറ്റൊരു മുന്നേറ്റ താരം ഉസ്മാൻ ഡെംബലെ ടൂർണമെന്റിലെ തന്റെ ആദ്യ ഗോൾ കണ്ടെത്താനുള്ള കടുത്ത പടപ്പുറപ്പാടിലാണ്. അതേസമയം പ്രതിരോധത്തിന്റെ കാര്യത്തിൽ മാത്രമാണ് കോച്ച് ദിദിയർ ദെഷാംപ്സിന്റെ സംഘത്തിന് ചെറിയ പാളിച്ചകൾ നിലവിൽ ചൂണ്ടിക്കാണിക്കാനുള്ളത്. കഴിഞ്ഞ നവംബറിലായിരുന്നു ഫ്രാൻസിന്റെ അവസാനത്തെ ക്ലീൻ ഷീറ്റ് വിജയം. പിന്നീട് നടന്ന കളികളിലെല്ലാം അവർ എടുത്തുപറയേണ്ട രീതിയിൽ ഗോൾ വഴങ്ങിയിട്ടുണ്ടെന്ന് ചുരുക്കം. പരിക്കിന്റെ ഭീഷണികളോ ആശങ്കകളോ ഒന്നും നിലവിൽ ഫ്രഞ്ച് ക്യാമ്പിലില്ല.
നോർവേക്കെതിരായ കളിയിൽ പ്രതിരോധ നിര പൂർണ്ണമായി തകർന്നതാണ് ഇറാഖിന് വലിയ തിരിച്ചടിയായത്. ഫ്രാൻസിന്റെ വേഗമേറിയ വിനാശകരമായ മുന്നേറ്റത്തെ തടഞ്ഞുനിർത്തുക എന്നത് അവരുടെ പ്രതിരോധത്തിന് നാളെ കനത്ത വെല്ലുവിളിയായിരിക്കും. സ്റ്റാർ വിങ്ങർ അലി ജാസിമിന് ചെറിയ പരിക്കേറ്റത് ആശങ്കയുയർത്തുന്നുണ്ടെങ്കിലും താരം നിർണ്ണായക മത്സരത്തിൽ കളിക്കുമെന്ന് തന്നെയാണ് കോച്ച് കരുതുന്നത്. ജലാൽ ഹസനെ മാറ്റി അഹമ്മദ് ബാസിലിനെ പുതിയ ഗോൾ കീപ്പറായി പരീക്ഷിക്കാനും ഇറാഖ് പരിശീലകൻ ഗ്രഹാം അർനോൾഡിന് ആലോചനയുണ്ട്. അയ്മൻ ഹുസൈന്റെ നേതൃത്വത്തിൽ അതിവേഗം നടക്കുന്ന കൗണ്ടർ അറ്റാക്കുകളിലാണ് ഇറാഖിന്റെ മുഴുവൻ പ്രതീക്ഷയും. നിലവിൽ ഫ്രാൻസിനും നോർവേക്കും മൂന്ന് വീതം പോയിന്റാണുള്ളത്. എന്നാൽ ആദ്യ മത്സരത്തിലെ ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള നോർവീജിയൻസിനാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാംസ്ഥാനം.
aqsASADS

