ബഹ്റൈനിൽ അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ബഹ്റൈനിൽ അന്താരാഷ്ട്ര യോഗാദിനം വിപുലമായി ആഘോഷിച്ചു. ബഹ്റൈൻ കേരളീയ സമാജം (BKS) ഹാളിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗാദിനാചരണത്തിൽ വിവിധ പ്രായക്കാരും ദേശീയതയിലുള്ളവരുമായ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കുട്ടികളും മുതിർന്നവരും സ്ത്രീകളും പുരുഷന്മാരും ഒരേ താളത്തിൽ അണിനിരന്ന യോഗാ സെഷൻ അരമണിക്കൂറിലധികം നീണ്ടുനിന്നു.
വ്യക്തിപരമായ ആരോഗ്യത്തിൽ നിന്നും മാനസിക സമചിത്തതയിൽ നിന്നുമാണ് സാമൂഹിക സൗഹാർദ്ദം ആരംഭിക്കുന്നതെന്നും മനുഷ്യബന്ധങ്ങളെ കൂടുതൽ ശക്തമാക്കാൻ യോഗയ്ക്ക് സാധിക്കുമെന്നും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ തൊഴിൽ-സാമൂഹിക കാര്യ മന്ത്രി അബ്ദുൽനബി അൽ ശുഅല അഭിപ്രായപ്പെട്ടു. ബഹ്റൈനി, ഇന്ത്യൻ കമ്മ്യൂണിറ്റികൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ ഇത്തരം സാംസ്കാരിക കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ അതിരുകൾക്കപ്പുറം യോഗ ഇന്ന് ആഗോളതലത്തിൽ ഒരുമയുടെ പ്രതീകമായി മാറിയിരിക്കുകയാണെന്ന് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പറഞ്ഞു. യോഗാദിനാചരണത്തിൽ ബഹ്റൈനികളുടെയും മറ്റ് വിദേശികളുടെയും പങ്കാളിത്തം വർദ്ധിച്ചുവരുന്നത് സന്തോഷകരമാണെന്നും, ആരോഗ്യം, പരസ്പര ബഹുമാനം, സഹവർത്തിത്വം എന്നീ പങ്കുവെക്കപ്പെട്ട മൂല്യങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
jjhgj

