വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് ശ്രമം: വിദേശ വനിതയ്ക്ക് ബഹ്റൈനിൽ തടവും നാടുകടത്തലും
പ്രദീപ് പുറവങ്കര
മനാമ: വ്യാജ സർവ്വകലാശാല ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടാൻ ശ്രമിച്ച കേസിൽ വിദേശ വനിതയ്ക്ക് ബഹ്റൈൻ കോടതി ആറുമാസം തടവും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും ഉത്തരവിട്ടു. ബഹ്റൈനിലെ ഒരു സ്വകാര്യ സ്കൂളിൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള അനുമതിക്കായി ഇവർ ഈ വ്യാജ രേഖകൾ സമർപ്പിക്കുകയായിരുന്നു. യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന ഔദ്യോഗിക ബോഡികൾക്ക് മുന്നിലും പ്രതി ഈ വ്യാജ രേഖ തന്നെയാണ് നൽകിയത്.
വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പതിവ് യോഗ്യതാ പരിശോധനകൾക്കിടയിലാണ് സർട്ടിഫിക്കറ്റിൽ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് മന്ത്രാലയം കേസ് അന്വേഷണത്തിനായി കൈമാറുകയായിരുന്നു. ഔദ്യോഗിക പരിശോധനകളിലും ഓഡിറ്റ് റിപ്പോർട്ടുകളിലും ഇവർ സമർപ്പിച്ച സർട്ടിഫിക്കറ്റ് അതിൽ അവകാശപ്പെടുന്ന സർവ്വകലാശാല നൽകിയതല്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കോടതി കർശന ശിക്ഷാ നടപടികൾ സ്വീകരിച്ചത്.
sdfsdf

