ഫുഡ് ട്രക്കുകൾക്ക് പദവി ക്രമീകരിക്കാൻ ബഹ്റൈനിൽ ആറുമാസത്തെ സാവകാശം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ ഫുഡ് ട്രക്ക് മേഖലയുടെ സുരക്ഷ, നഗരാസൂത്രണം, മികച്ച പ്രവർത്തനം എന്നിവ ഉറപ്പുവരുത്തുന്നതിനായി പുറപ്പെടുവിച്ച പുതിയ നിബന്ധനകൾക്കനുസരിച്ച് പദവി ക്രമീകരിക്കാൻ ഫുഡ് ട്രക്ക് ഉടമകൾക്ക് ആറുമാസത്തെ സമയപരിധി അനുവദിച്ചു. 2026 ജൂൺ 21-ന് ആരംഭിച്ച ഈ ഇളവ് കാലയളവ് ഡിസംബർ 21 വരെ നീണ്ടുനിൽക്കും. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിലവിലുള്ള നിയമങ്ങൾ പാലിക്കാനും വ്യാപാരികൾക്ക് ഈ സമയം ഉപയോഗിക്കാം. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപിത ശ്രമങ്ങളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് നോർത്തേൺ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലും ഫുഡ് ട്രക്ക് നിയന്ത്രണ പ്രോജക്ട് കോർഡിനേറ്ററുമായ മുഹമ്മദ് സാദ് അൽ സഹ്‌ലി അറിയിച്ചു. പൊതുജനാരോഗ്യം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിനൊപ്പം ഫുഡ് ട്രക്കുകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളുടെ നഗരഭംഗി നിലനിർത്താനും ഈ കാമ്പയിൻ ലക്ഷ്യമിടുന്നു.
സമീപവർഷങ്ങളിൽ ചെറുപ്പക്കാരായ സംരംഭകരുടെ വരവോടെ ബഹ്റൈനിൽ ഫുഡ് ട്രക്ക് മേഖലയിൽ വലിയ വളർച്ചയാണുണ്ടായത്. കുറഞ്ഞ ചെലവിൽ ആരംഭിക്കാമെന്നതിനാൽ മൊബൈൽ കഫേകൾക്കും സ്ട്രീറ്റ് ഫുഡ് രീതികൾക്കും വലിയ ജനപ്രീതി ലഭിച്ചു. മുൻപ് ഇതൊരു സീസണൽ ബിസിനസ്സ് മാത്രമായിരുന്നെങ്കിൽ, ഇന്ന് പ്രാദേശിക ചെറുകിട ബിസിനസ്സ് രംഗത്തെ പ്രധാന ഭാഗമായി ഇത് മാറിയിട്ടുണ്ട്. എന്നാൽ, ചില ഫുഡ് ട്രക്ക് ലൊക്കേഷനുകൾ പൊതുസ്ഥലങ്ങൾക്കും നഗരത്തിന്റെ ഭംഗിക്കും തടസ്സമുണ്ടാക്കുന്നതായി പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ കർശനമായ നടപടികളിലേക്ക് അധികൃതർ കടക്കുന്നത്. ഈ മേഖലയുടെ സുസ്ഥിരവും വ്യവസ്ഥാപിതവുമായ മുന്നേറ്റം ഉറപ്പാക്കിക്കൊണ്ട് തന്നെ നിയമപരമായ നടപടികളിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഫുഡ് ട്രക്ക് പ്രവർത്തനങ്ങൾക്കുള്ള ലൈസൻസ് നൽകുന്നത് ഒരു പ്രത്യേക സർക്കാർ വകുപ്പാണെങ്കിലും, അവയ്ക്ക് എവിടെയൊക്കെ പ്രവർത്തിക്കാമെന്ന് തീരുമാനിക്കുന്നത് മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രാലയമാണ്. പുതിയ നിബന്ധനകൾ പ്രകാരം ഫുഡ് ട്രക്ക് സ്ഥാപിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. കൂടാതെ റോഡ് റിസർവുകൾ പൂർണ്ണമായും ഒഴുവാക്കേണ്ടതുണ്ട്. താമസസ്ഥലങ്ങൾക്ക് അഥവാ റസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് തൊട്ടുമുന്നിൽ ഫുഡ് ട്രക്കുകൾ പാർക്ക് ചെയ്യാൻ പാടില്ലെന്നും നിയമമുണ്ട്. ഫുഡ് ട്രക്ക് വ്യാപാരികൾക്ക് തങ്ങളുടെ ബിസിനസ്സ് തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും പുതിയ നിയമങ്ങളുമായി പൊരുത്തപ്പെടുന്നതിനും വേണ്ടിയാണ് ഈ ആറുമാസത്തെ ഇളവ് അനുവദിച്ചിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
sdfgsg

