ഭരണാധികാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമസ്ത ബഹ്റൈൻ സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ രാജ്യത്തോടും ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടവകാശിയും പ്രധാനമന്ത്രിയുമായ ശൈഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരോടും ബഹ്‌റൈൻ ജനതയോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമസ്ത ബഹ്റൈൻ സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാപിറ്റൽ കമ്മ്യൂണിറ്റി സെന്ററുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. സ്വദേശി-വിദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും സുരക്ഷിതത്വവും സഹവർത്തിത്വവും ഉറപ്പാക്കുന്ന ബഹ്റൈൻ ഭരണകൂടത്തോടുള്ള മലയാളി സമൂഹത്തിന്റെ അചഞ്ചലമായ വിശ്വസ്തതയും പിന്തുണയും പ്രകടിപ്പിക്കുന്നതിനാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.
ബഹറൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കറും മനാമ എം പിയുമായ ശൈഖ് അഹമ്മദ് അൽ വാഹിദ് അൽ ഖറാത്തയുടെ മനാമ ഓഫീസിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ക്യാമ്പയിൻ നടന്നത്. സമസ്ത ബഹ്‌റൈൻ വർക്കിംഗ് പ്രസിഡന്റ് വി. കെ. കുഞ്ഞഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി എസ്. എം. അബ്ദുൽ വാഹിദ് എന്നിവർ ചേർന്ന് ഒപ്പുവെച്ച് ക്യാമ്പയിന് തുടക്കം കുറിച്ചു. സമസ്ത ബഹ്‌റൈൻ മനാമ ഏരിയ കോർഡിനേറ്റർ ഹാഫിള് ശറഫുദ്ധീൻ മൗലവി, വൈസ് പ്രസിഡന്റുമാരായ ശൈഖ് റസാഖ്, സുബൈർ അത്തോളി, ജനറൽ സെക്രട്ടറിമാരായ സുലൈമാൻ എ. ബി., അബ്ദുൾ റൗഫ്, മർക്കസ് ഇർശാദുൽ മുസ്‌ലിമീൻ അധ്യാപകരായ കാസിം നജൂമി, അബ്ദു റഹ്‌മാൻ മൗലവി, ശിഹാബ് മൗലവി, അംഗങ്ങളായ ശക്കീർ മാഹി, ഇബ്രാഹിം കണ്ണൂർ, മുഹമ്മദ് സ്വാലിഹ് തുടങ്ങിയ നേതാക്കളും പ്രവർത്തകരും രാജ്യത്തോടുള്ള ഐക്യദാർഢ്യം രേഖപ്പെടുത്തുന്നതിൽ പങ്കാളികളായി.
പ്രവാസികൾക്ക് സുരക്ഷിതവും ക്ഷേമകരവുമായ ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിലും സമാധാനം, സഹിഷ്ണുത, സഹവർത്തിത്വം എന്നീ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും ബഹ്റൈൻ ഭരണകൂടം കാണിക്കുന്ന കരുതലിനെ ചടങ്ങിൽ നേതാക്കൾ പ്രത്യേകം അഭിനന്ദിച്ചു. ദേശീയ ഐക്യത്തെയും സുരക്ഷയെയും വെല്ലുവിളിക്കുന്ന ഏത് നീക്കങ്ങളെയും നേരിടാൻ രാജ്യം എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും, ബഹ്റൈന്റെ പുരോഗതിക്കും സമൃദ്ധിക്കുമായി മലയാളി സമൂഹം തുടർന്നും മുന്നിലുണ്ടാകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

