കെപിഎഫ് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി അൽ കേരളാവി എഫ്.സിക്ക്; ജി.എസ്.ബി എഫ്.സി റണ്ണറപ്പ്
പ്രദീപ് പുറവങ്കര
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (KPF) സംഘടിപ്പിച്ച മൂന്നാമത് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ അൽ കേരളാവി എഫ്.സി. ജേതാക്കളായി. സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ജി.എസ്.ബി എഫ്.സി.യെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് അൽ കേരളാവി എഫ്.സി. കിരീടം സ്വന്തമാക്കിയത്. ജി.എസ്.ബി എഫ്.സി. റണ്ണറപ്പായി. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരായ എട്ട് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.
ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ നോർതേൺ ഗവർണറേറ്റ് ഹെഡ് ഓഫ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്‌മെന്റ് ഈസം ഈസ അൽഖയ്യാത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. നേപ്പാൾ എംബസി തേർഡ് സെക്രട്ടറി ദീപ് രാജ് ജോഷി, ദീപ്‌രാജ്, ഫ്രാൻസിസ് കൈതാരത്ത്, ഇബ്രാഹിം കെ. കാനു വൈസ് ചെയർമാൻ ഓഫീസ് മാനേജർ പി.കെ. ജഗദീഷ് കുമാർ, ഇ.വി. രാജീവ്, എൻ.എസ്.എസ് പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ഷറഫുദ്ദീൻ അലി കുഞ്ഞ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
വിജയികളായ അൽ കേരളാവി എഫ്.സിക്കുള്ള എവർ റോളിംഗ് ട്രോഫി കെപിഎഫ് പ്രസിഡന്റ് സുധീർ തിരുനിലത്തും ടൂർണമെന്റിന്റെ മുഖ്യ സ്പോൺസറായ ബസാർ ഡിസ്കൗണ്ട് സെന്റർ ഡയറക്ടർ പ്രവീണും ചേർന്ന് സമ്മാനിച്ചു. റണ്ണറപ്പായ ജി.എസ്.ബി എഫ്.സിക്കുള്ള ട്രോഫി കെപിഎഫ് ജനറൽ സെക്രട്ടറി അരുൺപ്രകാശ്, ട്രഷറർ സുജിത്ത് സോമൻ, ജീൻസ് അവന്യൂ ഡയറക്ടറും കെ.പി.എഫ് സ്പോർട്സ് വിംഗ് കൺവീനറുമായ സുധി ചാത്തോത്ത് എന്നിവർ ചേർന്ന് വിതരണം ചെയ്തു.
ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി ആനന്ദ് (ജി എസ് ബി എഫ് സി), മികച്ച ഡിഫൻഡറായി ഫയാസ് (ജി എസ് ബി എഫ് സി) എന്നിവരെ തിരഞ്ഞെടുത്തു. 3 ഗോളുകൾ നേടിയ ഷഫീഖ് (മറീന എഫ്സി) ടോപ്പ് സ്കോററും, മനു (അൽ കേരളാവി എഫ്സി) ടൂർണമെന്റിലെ മികച്ച താരവുമായി. വ്യക്തിഗത പുരസ്കാരങ്ങൾ കെപിഎഫ് രക്ഷാധികാരി കെ ടി സലീം, യു കെ ബാലൻ, സ്പോർട്സ് വിങ്ങ് കൺവീനർ സുധി ചത്തോത്ത്, ജോയിന്റ് കൺവീനർ ബിദുലേഷ് പറമ്പത്ത്, എക്സിക്യൂട്ടീവ് അംഗങ്ങൾ, ലേഡീസ് വിങ്ങ് ഭാരവാഹികൾ എന്നിവർ ചേർന്ന് വിതരണം ചെയ്തു.
asdfsdf

