'ദേശീയ പ്രതിരോധ ചരിത്ര സമിതി' രൂപീകരിച്ച് ബഹ്റൈൻ രാജാവ്; പ്രശംസയുമായി സ്പീക്കർമാർ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തിന്റെ ചരിത്രപ്രധാനമായ പ്രതിരോധ വീര്യവും കൂട്ടായ്മയും രേഖപ്പെടുത്തുന്നതിനായി 'കമ്മിറ്റി ഫോർ ഡോക്യുമെന്റിങ് ദി നാഷണൽ റെസിലിയൻസ് എപിക്' (ദേശീയ പ്രതിരോധ ചരിത്ര സമിതി) രൂപീകരിച്ച് ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.

ബഹ്റൈൻ നേരിട്ട 'ഇറാൻ്റെ ശത്രുതാപരമായ ആക്രമണങ്ങളെ' നിരീക്ഷിക്കുകയും അവ കൃത്യമായി രേഖപ്പെടുത്തുകയുമാണ് സമിതിയുടെ പ്രധാന ചുമതല. ഇതിനൊപ്പം രാജ്യത്തിന്റെ ദേശീയ പ്രതിരോധം, അതിജീവന ചരിത്രം, ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾ എന്നിവയുടെ രേഖകൾ സമിതി സംരക്ഷിക്കും.

ഗതാഗത-വാർത്താവിനിമയ മന്ത്രിയും ബഹ്റൈൻ സെന്റർ ഫോർ സ്ട്രാറ്റജിക്, ഇന്റർനാഷണൽ ആൻഡ് എനർജി സ്റ്റഡീസ് (ദെരാസാത്) ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഡോ. ശൈഖ് അബ്ദുള്ള ബിൻ അഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണ് സമിതിയുടെ ചെയർമാൻ. റോയൽ കോർട്ട്, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള പ്രമുഖ ദേശീയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ സമിതിയിൽ അംഗങ്ങളായിരിക്കും.

ബഹ്റൈൻ കടന്നു പോയ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളെ ഓർത്തു വെക്കാനും, ജനങ്ങളുടെ ഐക്യദാർഢ്യം രേഖപ്പെടുത്തുന്നതിനുമുള്ള ബഹ്റൈന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ രാജകീയ ഉത്തരവിലൂടെ വ്യക്തമാകുന്നതെന്ന് ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സ്വാലിഹ് അൽ സ്വാലിഹ് പറഞ്ഞു. വരുംതലമുറകൾക്കായി പ്രധാനപ്പെട്ട ദേശീയ സംഭവങ്ങളുടെ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചരിത്രരേഖകൾ കാത്തുസൂക്ഷിക്കാൻ ഈ സംരംഭം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ സ്മരണകൾ സംരക്ഷിക്കാനും വരുംതലമുറയ്ക്കായി കൃത്യമായ ചരിത്രവസ്തുതകൾ സ്ഥാപിക്കാനുമുള്ള രാജാവിന്റെ ദീർഘവീക്ഷണമാണ് ഈ ഉത്തരവിലൂടെ പ്രതിഫലിക്കുന്നതെന്ന് പാർലമെന്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം പ്രസ്താവിച്ചു. തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനും യഥാർത്ഥ വസ്തുതകൾ സംരക്ഷിക്കുന്നതിനും കൃത്യമായ ചരിത്രരേഖപ്പെടുത്തൽ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed